വാഹനങ്ങളുടെ മണ്ണില്‍ വെന്റിലേറ്ററുകള്‍ പിറന്നു; 48 മണിക്കൂറിനുള്ളില്‍ വാക്കു പാലിച്ച് മഹീന്ദ്ര

അടച്ചിട്ട വാഹന നിര്‍മാണ പ്ലാന്റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്ന് പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര.വാഹനങ്ങള്‍ പിറന്നു വീണിരുന്ന മഹീന്ദ്രയുടെ നിര്‍മ്മാണശാലയില്‍ അതാ വെന്റിലേറ്ററിന്റെ മാതൃക റെഡി.മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുന്നത്. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്റര്‍നെറ്റില്‍ നിന്നും മറ്റും വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയും മറ്റ് വെന്റിലേറ്റര്‍ മാതൃകകള്‍ പരിശോധിച്ചുമാണ് ഈ വെന്റിലേറ്റര്‍ മാതൃക ഒരുക്കിയിരിക്കുന്നതെന്ന് മഹീന്ദ്ര ജീവനക്കാര്‍ പറയുന്നു. ഉറക്കം പോലും വേണ്ടെന്നുവെച്ച് 48 മണിക്കൂറുകള്‍ ഫാക്ടറിയില്‍ തന്നെ വെന്റിലേറ്റര്‍ നിര്‍മാണത്തില്‍ മുഴുകിയത് നിങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണെന്നും നിങ്ങളെ കുറിച്ച് ഓര്‍ത്ത് വളരെ അധികം അഭിമാനിക്കുന്നുവെന്നും വെന്റിലേറ്ററിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ ഉപദേശം തേടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

SHARE