മാതൃകയായി മലപ്പുറം; കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

മഞ്ചേരി: കോവിഡ് പോരാട്ടത്തില്‍ മാതൃകയായി മലപ്പുറത്തെ ചെറുപ്പക്കാര്‍യ. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാനെത്തിയത് ഇരുപത്തിയൊന്ന് ചെറുപ്പക്കാരാണ്. പെണ്‍കുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മലപ്പുറത്ത് മുന്നോട്ട് വന്നത്. മലപ്പുറത്തിന്റെ സൗഹാര്‍ദ്ദത്തിന്റേയും സ്‌നേഹത്തിന്റേയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ് പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍. നേരത്തെ, മലപ്പുറത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ഒട്ടേറെ വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നു. അതിനിടയിലാണ് മലപ്പുറം മാതൃകയാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള ചെറുപ്പക്കാരുടെ ഇടപെടല്‍.

ആരും നിര്‍ബന്ധിച്ചിട്ടല്ല സ്വയം സന്നദ്ധരായാണ് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാന്‍ എല്ലാവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍ നിന്ന് തന്നെ ചികിത്സയിലൂടെ കോവിഡ് ഭേദമായവരാണ് പ്ലാസ്മ നല്‍കാന്‍ എത്തിയത്.

ഇതിനിടെ പ്ലാസ്മ തെറാപ്പിയിലൂടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ കൂടി കോവിഡ് മുക്തിനേടി. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ദില്ലി പൊലീസിലെ അജിത്താണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കൊവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ നല്‍കിയത്.

SHARE