മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി

മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സിദ്ധനെ പൊലീസ് ചോദ്യം ചെയ്തു.

പുളിയപറമ്പ് സ്വദേശി സൗദാബി, മക്കളായ ഷാസിയ, മുസ്‌കിന, ഹാനിയ എന്നിവരെയാണ് കഴിഞ്ഞ മുപ്പതാം തിയ്യതി മുതല്‍ കാണാതായത്. പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ സൗദാബി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സൗദാബിയും ബന്ധുക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൗദാബി കത്തില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ പൊലീസ് സിദ്ധന്റെ കേന്ദ്രം പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സൗദാബിയെയും മക്കളെയും നാളെ ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SHARE