കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിക്കെതിരെ പോരാടുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ആം ആദ്മിപാര്‍ട്ടി സംഘടിപ്പിച്ച മെഗാ പ്രതിപക്ഷ റാലിയില്‍ സംസാരിച്ചപ്പോളാണ് മമതാ ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാനതലത്തില്‍ മാത്രമേയുണ്ടാവുകയുള്ളൂവെന്നും ദേശീയതലത്തില്‍ ഒരുമിച്ച് പോരാടുമെന്നും മമത വ്യക്തമാക്കി. മോദിയെ ഒഴിവാക്കൂ രാജ്യത്തെ രക്ഷിക്കൂ എന്നത് മാത്രമാണ് മുദ്രാവാക്യമെന്നും മമത ബാനര്‍ജി പറഞ്ഞു.

മെഗാ പ്രതിപക്ഷ റാലിയില്‍ ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ പങ്കെടുത്തു.

SHARE