ഫണ്ട് നല്‍കുന്ന വിദേശികള്‍ക്ക് പൗരത്വ നല്‍കാനാണ് ബി.ജെ.പി യുടെ ഗൂഢാലോചന; മമതാ ബാനര്‍ജി

ബിജെപിക്ക് ഫണ്ട് നല്‍കുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കാനുമാണ് ബിജെപിയുടെ നീക്കമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് വിദേശ ഫണ്ട് നല്‍കി കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് അവരുടെ തന്ത്രമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

ബംഗാളിലെ ജനങ്ങളെ ഒരു തരത്തിലുള്ള ഭീഷണി നേരിടാനും അനുവദിക്കില്ല. ബിജെപിക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ശത്രുക്കളോടുപോലും മാന്യമായി പെരുമാറാന്‍ പഠിപ്പിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ബി.ജെ.പി അത് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അറിയിച്ചുവെന്ന് മമതാ വ്യക്തമാക്കിയിരുന്നു.

SHARE