പ്രണയനൈരാശ്യം; യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് മരിച്ചു

കൊല്ലം: കൊല്ലത്ത പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് പെട്രോളുമായി കാവനാട്ടുള്ള യുവതിയുടെ വീട്ടിലെത്തിയ ശെല്‍വമണി വീടിന് തീവെയ്ക്കുകയായിരുന്നു. വീട്ടില്‍ തീ പടരുന്നത് കണ്ട് യുവതിയും വീട്ടുകാരും പുറത്തേക്കോടി. വീടിന് മുന്നില്‍ പെട്രോളുമായി നിന്ന യുവാവിനെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ അമ്മക്കും പൊള്ളലേറ്റു.

വീട്ടിലുള്ളവരുടെ നേര്‍ക്ക് ശെല്‍വമണി പെട്രോള്‍ ഒഴിച്ചെങ്കിലും ഓടി മാറിയതിനാല്‍ അപകടം സംഭവിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 95 ശതമാനവും പൊള്ളലേറ്റ ശെല്‍വമണി ചികിത്സയില്‍ കഴിയവെ മരിച്ചു.

സാരമായി പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് വിട്ടയച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്തുണ്ടായ അകല്‍ച്ചയാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും മരിക്കുന്നതിന് മുമ്പ് ശെല്‍വമണി പൊലീസിന് മൊഴി നല്‍കിയിരുന്നു.

SHARE