മലപ്പുറം വിരോധവും വര്‍ഗീയതയും

നൗഷാദ് മണ്ണിശേരി

ചിലരുടെ മനസ്സില്‍ നിന്ന് തികട്ടി വരുന്ന മലപ്പുറം വിരോധം കാണുമ്പോള്‍ അവരോടു സഹതപിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍. ഏറ്റവുമൊടുവില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധിയാണ് വിദ്വേഷ പ്രചരണവുമായി ഇറങ്ങിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറയില്‍ പന്നിപ്പടക്കം നിറച്ച തേങ്ങ കഴിച്ച് ഗര്‍ഭിണിയായ ആന ദാരുണമായി ചെരിഞ്ഞ സംഭവത്തെയാണ് മലപ്പുറത്തെ ജനങ്ങളെ മൊത്തം ആക്ഷേപിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും സംഘപരിവാര്‍ ത്രയങ്ങളും ചില ദേശീയ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. ഉമാദേവി എന്നാണത്രെ ഈ ‘കാട്ടാനയുടെ’ പേര്. ആന കൊല്ലപ്പെട്ടതിലെ വിഷമത്തേക്കാള്‍ മലപ്പുറത്തെ ആക്ഷേപിക്കാനായിരുന്നു മുന്‍ വനം,പരിസ്ഥിതി മന്ത്രിക്ക് താല്പര്യം. ആന കൊല്ലപ്പെട്ടത് അത്യധികം വേദനാജനകമായ സംഭവമാണെങ്കിലും പാവപ്പെട്ട കര്‍ഷകന്റെ ദൈന്യത നാം കാണാതിരുന്നുകൂടാ. ഒരുവര്‍ഷത്തെ അധ്വാനഫലം കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം നശിപ്പിക്കപ്പെടുമ്പോള്‍ ആ കുടുംബത്തിന്റെ ജീവിതമാണ് ചോദ്യചിഹ്നമാകുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വനംവകുപ്പും സര്‍ക്കാറും നടപടി സ്വീകരിക്കേണ്ടതുണ്ട്.

മേനക ഗാന്ധി ഇപ്പോള്‍ പരിസ്ഥിതിവാദിയും മൃഗസ്‌നേഹിയുമായി അറിയപ്പെടുമ്പോള്‍ അടിയന്തരാവസ്ഥ കാലത്ത് മനുഷ്യാവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത അവരുടെ ഇടപെടലുകളും പഠനവിധേയമാക്കേണ്ടതുണ്ട്. ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗല്ലികള്‍ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയതും മുസ്ലിം ചെറുപ്പക്കാരെ ക്രൂരമായി നിര്‍ബന്ധിത വന്ദീകരണത്തിന് വിധേയമാക്കിയതും മേനകാ ഗാന്ധിയും ഭര്‍ത്താവ് സഞ്ജയ് ഗാന്ധിയും ചേര്‍ന്നാണ്. അല്‍പകാലം മുമ്പാണ് മലയാളത്തിലെ ഒരു മുത്തശ്ശിപ്പത്രം പാലക്കാട് ജില്ലയില്‍ നടന്ന ഒരു സംഭവത്തെ മലപ്പുറവുമായി കൂട്ടിക്കെട്ടാന്‍ പാഴ്ശ്രമം നടത്തിയത്. ‘മലപ്പുറം ജില്ലക്കടുത്ത പാലക്കാട് ജില്ലയിലെ…’ എന്നായിരുന്നു അവരുടെ പ്രയോഗം.

തിരുവനന്തപുരം ജില്ല മുതല്‍ കാസര്‍കോട് ജില്ല വരെ നടക്കുന്ന ഏത് അനാശ്യാസങ്ങളെയും ക്രിമിനല്‍ സംഭവങ്ങളെയും അതാത് പ്രദേശത്തിന്റെ സ്ഥലനാമങ്ങള്‍ ഉപയോഗിച്ചാണ് വാര്‍ത്തകള്‍ വരാറ്. ഈ സ്ഥലനാമങ്ങളില്‍ പലതും കേരളം ഒരിക്കല്‍പോലും കേട്ടുപരിചയമില്ലാത്ത ഗ്രാമങ്ങളുടെ പേരുകള്‍ പോലുമായിരിക്കും. കിളിരൂര്‍, കവിയൂര്‍ സൂര്യനെല്ലി തുടങ്ങിയ പീഡനങ്ങള്‍ വരാപ്പുഴ കസ്റ്റഡി മരണം, പിണറായി, കൂടത്തായി കൂട്ടക്കൊലകള്‍, വൈപ്പിന്‍, കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം. ഇവിടെയൊന്നും ജില്ലകളെ കുറിച്ച് ഒരു പരാമര്‍ശം പോലും മാധ്യമങ്ങളില്‍ വരാറില്ല. അതേസമയം മലപ്പുറം ജില്ലയിലെത്തിയാല്‍ വാര്‍ത്തയുടെ സ്വഭാവം മാറും. ഇതെന്തൊരു ഇരട്ടത്താപ്പാണ്. ഇതിനു പിന്നില്‍ മലപ്പുറത്തോടുള്ള വിവേചനമല്ലാതെ മറ്റെന്താണ്. പ്രമുഖ കവിയത്രി സുഗതകുമാരി മുമ്പ് മലയാള മനോരമ പത്രത്തില്‍ എഴുതിയ മുഖപ്രസംഗ ലേഖനത്തില്‍ പോലും മലപ്പുറം പീഡനം എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അതില്‍ ഉദ്ധരിക്കുന്ന സംഭവം നടന്നത് എടപ്പാളിലും പ്രതി പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയുമാണ്. എന്നാലും മലപ്പുറത്ത് പീഡനം എന്ന് പറഞ്ഞാലെ മാധ്യമങ്ങള്‍ക്ക് ഒരു സുഖം കിട്ടൂ.

കിടപ്പാടം നഷ്ടപ്പെടുത്തി ജനവാസകേന്ദ്രങ്ങളില്‍ കൂടി ഗെയില്‍ വാതക പൈപ്പ്‌ലൈനും ദേശീയപാത വികസനവും നടന്നപ്പോള്‍ അതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം സമരങ്ങള്‍ നടന്നെങ്കിലും മലപ്പുറത്ത് സമരം ചെയ്യുന്നത് മുസ്ലിം തീവ്രവാദികള്‍ ആണെന്നാണ് സി.പി.എം നേതാവ് എ.വിജയരാഘവന്‍ ആക്ഷേപിച്ചത്. സി.പി.എം മലപ്പുറത്ത് പരാജയപ്പെട്ടപ്പോള്‍ മലപ്പുറത്തിന്റെ ഉള്ളടക്കം പണ്ടേ വര്‍ഗീയമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തിയത്. കഷ്ടപ്പെട്ട് പഠിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടിയതിനെ മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പി അടിച്ചാണ് വിജയിച്ചതെന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചത്. ആലപ്പുഴ ജില്ലയിലെ ആലപ്പാട്ടെ കരിമണല്‍ സമരം വരെ നയിക്കുന്നത് മലപ്പുറത്തുകാരാണെന്നായിരുന്നു ഇ.പി ജയരാജന്റെ കണ്ടുപിടുത്തം. വണ്ടൂരില്‍ നിന്നും വിജയിച്ച കണ്ണന്‍ എന്ന സി.പി.എം എം.എല്‍.എ നിയമസഭയില്‍ പറഞ്ഞത് മണ്ഡലകാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കറുത്ത തുണി വില്‍ക്കാന്‍ മലപ്പുറത്തെ ടെക്‌സ്‌റ്റൈല്‍സുകളില്‍ ഒരു വിഭാഗം അനുവദിക്കുന്നില്ല എന്നായിരുന്നു.

മലപ്പുറം ജില്ല രൂപീകൃതമായിട്ട് 52 വര്‍ഷത്തോടടുക്കുകയാണ്. ഇതുവരെയായി ജില്ലയില്‍ രണ്ടേരണ്ട് മുസ്ലിം ജില്ലാ കലക്ടര്‍ മാത്രമാണ് നിയമിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ ഒരാള്‍ ഒരുമാസം മാത്രം (ഷൈനി മോള്‍ ഐ.പി.എസ്) മറ്റൊരാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം മാറ്റപ്പെട്ട ജാഫര്‍ മാലിക്. കേരള ഹജ്ജ് കമ്മിറ്റിയുടെ സെക്രട്ടറിയായി വരുന്നത് മലപ്പുറം ജില്ലാ കലക്ടര്‍മാരാണ്. അതൊരു അമുസ്ലിം ആയതിന്റെ പേരില്‍ ഇന്നേവരെ ഒരാളും ഒരു തരത്തിലുമുള്ള അസഹിഷ്ണുതയും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ ഗുരുവായൂര്‍ക്ഷേത്രം ഉള്‍ക്കൊള്ളുന്ന തൃശ്ശൂര്‍ ജില്ലയുടെ കലക്ടറായി ഒരു മുസ്ലിം നിയമിക്കപ്പെട്ടപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി ജില്ലാ കലക്ടറായിരിക്കും എന്നതിന്റെ പേരില്‍ കേരളരാഷ്ട്രീയത്തിലെ അതികായന്മാര്‍ ആ നിയമനത്തിനെതിരെ കടുത്ത പ്രതികരണങ്ങളുമായി രംഗത്തുവന്നിരുന്നു.
മലപ്പുറം ജില്ല രൂപീകൃതമായാല്‍ താനൂര്‍ കടപ്പുറത്ത് പാകിസ്ഥാന്‍ പട്ടാളം വരുമെന്നും മലപ്പുറം കുട്ടിപ്പാക്കിസ്ഥാന്‍ ആകുമെന്നും പ്രചരിപ്പിച്ചവരുടെ പിന്‍തലമുറക്കാര്‍ കുറ്റിയറ്റു പോയിട്ടില്ല എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. എന്നാല്‍ ഇത്തരം വെറുപ്പിനെയും പൊതുബോധത്തെയും സ്‌നേഹം കൊണ്ടാണ് മലപ്പുറത്തുകാര്‍ എന്നും മറികടന്നിട്ടുള്ളത്. മലപ്പുറത്ത് നിര്‍ബന്ധിതാവസ്ഥയില്‍ ജോലി ചെയ്യേണ്ടിവരുന്ന ഉദ്യോഗസ്ഥന്മാര്‍ റിട്ടയര്‍മെന്റ് കാലത്തിനുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാതെ ഇവിടെ തന്നെ ഭൂമി സ്വന്തമാക്കി സ്ഥിരതാമസമാക്കുന്നവരുടെ അനുഭവം ഇതാണ് തെളിയിക്കുന്നത്.

മമ്പുറം തങ്ങളും ഉമര്‍ ഖാദിയും സൈനുദ്ദീന്‍ മഖ്ദൂമും മാത്രമല്ല തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും മേല്‍പ്പത്തൂരും ഉറൂബും ഇ.എം.എസ് നമ്പൂതിരിപ്പാടും ജീവിച്ചത് ഈ മണ്ണിലാണ്. മലയാളം സര്‍വ്വകലാശാലയും കോട്ടക്കല്‍ ആര്യവൈദ്യശാലയും നിളാതീരവും മലപ്പുറത്തിന്റ അഭിമാന സ്തംഭങ്ങളാണ്. സ്‌നേഹവും സമാധാനവും മാത്രം കൈമുതലാക്കി ജീവിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഇന്നും അതേപാതയില്‍ സമൂഹത്തെയും സമുദായത്തെയും നയിച്ചുകൊണ്ടിരിക്കുന്ന പാണക്കാട് സയ്യിദന്‍മാരും മലപ്പുറത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്. പ്രശസ്തമായ തളിക്ഷേത്രവും ജുമാമസ്ജിദും തൊട്ടുരുമ്മി നില്‍ക്കുന്നത് കാണണമെങ്കില്‍ മലപ്പുറത്തെ അങ്ങാടിപ്പുറത്തേക്ക് വരിക.

വിശാലമായ സ്‌നേഹ പൊയ്കയിലേക്ക് നിങ്ങളെന്തിനാണ് കാട്ടുകടന്നലിനെ കടത്തിവിടുന്നത്. മേനക ഗാന്ധിയെ പോലെയുള്ളവരെ ഞങ്ങള്‍ മലപ്പുറത്തേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവിടെ വന്ന് കുറച്ചുകാലം താമസിച്ച് നേരിട്ട് മനസ്സിലാക്കുക, മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദം എങ്ങിനെയാണെന്ന്.

SHARE