മരട് ഫ്‌ലാറ്റ് പൊളിച്ചുമാറ്റുന്നതിനുള്ള കളക്ടര്‍ ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും. മരട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട്ട് കൊച്ചി സബ്കളക്ടറാണ് സ്‌നേഹില്‍കുമാര്‍ സിംഗ്. ഇതോടെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുളള പൂര്‍ണ ചുമതല സബ് കലക്ടര്‍ക്കായിരിക്കും.

ഇതിനിടെ പൊളിക്കേണ്ട ഫ്‌ലാറ്റുകളിലേക്കുമുളള വൈദ്യുതി ബന്ധവും പാചകവാതക വിതരണവും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ബന്ധപ്പെട്ടവര്‍ക്ക് കത്തുനല്‍കിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് ഫ്‌ലാറ്റുടമകള്‍. വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള മരട് നഗരസഭയുടെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറഞ്ഞു.

തിങ്കളാഴ്ച മരട് കേസുമായി ബന്ധപ്പെട്ട് ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

SHARE