മരടില്‍ നാലാമത് ഫ്‌ലാറ്റും പൊളിച്ചു നീക്കി

കൊച്ചി: ഗോള്‍ഡന്‍ കായലോരം ഫഌറ്റ് സമുച്ചയം സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 2.28 ന് മൂന്നാം സൈറണ്‍ മുഴങ്ങി പിന്നാലെ 2.30നാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. തകര്‍ക്കുന്ന നടപടിയുടെ ഭാഗമായി 26 മിനിറ്റ് വൈകി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. പിന്നാലെ 2.19ന് രണ്ടാമത്തെ സൈറണ്‍ മുഴക്കിയിരുന്നു.

പൊളിച്ച ഫ്‌ലാറ്റുകളിലെ ഏറ്റവും വലിപ്പം കുറഞ്ഞ ഫ്‌ലാറ്റായിരുന്നു ഗോള്‍ഡന്‍ കായലോരം. കെട്ടിടത്തില്‍ 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. കെട്ടിടം തകര്‍ക്കാന്‍ വളരെ കുറച്ച് സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചത്.

ഇതോടെ മരടില്‍ കായല്‍തീരത്ത് അനധികൃതമായി നിര്‍മിച്ച നാലു ഫ്‌ലാറ്റുകുളും പൊളിച്ചു തീര്‍ന്നു. ഇന്നലെയും ഇന്നുമായി രണ്ടു വീതം ഫ്‌ലാറ്റുകളാണ് പൊളിച്ചു നീക്കിയത്.

തീരദേശത്ത് നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന നിയമത്തെ മറികടന്നാണ് മരടില്‍ ഫ്‌ലാറ്റുകള്‍ പണിതിരുന്നത്. ഈ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടത്. നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്നലെയും ഇന്നുമായി ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുകയായിരുന്നു.

അതേ സമയം മരടില്‍ മണ്ണിലലിഞ്ഞ ഹോളിഫെയ്ത് എച്ച്.ടു.ഒ ഫ്‌ലാറ്റ് സമുച്ചയം നലനിന്നിരുന്ന ഇടം ഇപ്പോഴും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറഞ്ഞു. ആ ഭൂമി ഇപ്പോഴും ഞങ്ങളുടേതാണ് എന്നവര്‍ വ്യക്തമാക്കി. സര്‍ക്കാരിനോട് കെട്ടിടത്തിന്റെ മാലിന്യങ്ങള്‍ ഉടനടി നീക്കാന്‍ ആവശ്യപ്പടുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഉടമകള്‍ ചേര്‍ന്ന് എച്ച്.ടു.ഒ ലാന്റ് ഓണേഴ്‌സ് എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.

SHARE