‘ഞങ്ങളുടെ പാര്‍ട്ടി കോടതിയാണ്, പൊലീസ് സ്റ്റേഷനുമാണ്, മനസ്സിലായില്ലേ’ – വിവാദ പരാമര്‍ശവുമായി എം.സി ജോസഫൈന്‍

കോഴിക്കോട്: സി.പി.എം ഒരേ സമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന വിവാദ പരാമര്‍ശവുമായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍. പി.കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്റ്റേഷനുമാണ്. മനസ്സിലായില്ലേ, ഒരു നേതാവിനെയും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട. നിങ്ങള്‍ക്ക് വെറുതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കരുത്’ – എന്നായിരുന്നു ജോസഫൈന്റെ വാക്കുകള്‍.

‘ഞങ്ങളുടെ പാര്‍ട്ടിക്ക് നിങ്ങള്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. എന്റെ പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്, ഞാനിന്ന് വനിതാ കമ്മിഷന്‍ ആയിരിക്കാം. പക്ഷേ, ഞാന്‍ പാര്‍ട്ടിയിലൂടെയാണ് വളര്‍ന്നത്. എന്റെ പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാടെടുക്കുന്ന പോലെ കേരളത്തിലെ ഒരു പാര്‍ട്ടിയും എടുക്കില്ല’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.എം നേതാക്കള്‍ സംശയനിഴലിലുള്ള കഠിനംകുളം പീഡനക്കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ചായിരുന്നു ജോസഫൈന്റെ മറുപടി.

അതിനിടെ, എം.സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു. കഠിനംകുളത്തെ പീഡനം ഞെട്ടിക്കുന്നതാണ് എന്നും എം.സി ജോസഫൈന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE