ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ അസ്വാഭാവിക പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; പ്രധാനമന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗം

ന്യൂഡല്‍ഹി: ഭരണഘടനാ ദിനമായ നവംബര്‍ 26ന് പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്‌കരിക്കുകയും പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തു. പാര്‍ലന്റെില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണഘടനാ ദിന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്തുള്ള അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ അണിനിരക്കുകയായിരുന്നു.

അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഭരണഘടന വായിക്കുകയും പ്രതിഷേധക്കാര്‍ അതു കേള്‍ക്കുകയും ചെയ്തായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ്, പ്രധാനമന്ത്രി, ആഭ്യന്തരം, ഗവര്‍ണര്‍ തുടങ്ങിയവരുടെ അറിവോടെ മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കൊലചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

നിലവിലെ ഭരണകൂടം ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നതിന് എല്ലാവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്ന്, ബഹിഷ്‌കരണ പ്രതിഷേധത്തെ സംബന്ധിച്ച് ഡോ സിങ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ അസ്വാഭാവിക പ്രതിഷേധത്തിന് പിന്നാലെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം

SHARE