‘മരുന്ന് കുത്തിവെച്ച് പെട്ടെന്ന് മരിക്കാന്‍ അനുവാദം നല്‍കില്ല’; ഉപാധികളോടെ ദയാവധം ആകാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉപാധികളോടെ ദയാവധത്തിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രാധന വിധി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ദയാവധം നിയമപരമായി നടത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കര്‍ശന ഉപാധികളോടെ മാത്രമായിരിക്കും ദയാവധത്തിനുളള അനുമതി നല്‍കുക എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

അന്തസ്സോടെയുളള മരണം ഓരോ പൗരന്റെയും മൗലീകാവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മരുന്ന് കുത്തിവെച്ച് പെട്ടെന്ന് മരിക്കാന്‍ അനുവാദം നല്‍കില്ല. ആയുസ്സ് നീട്ടാന്‍ താല്‍പ്പര്യമില്ലാത്ത ാേരഗികള്‍ക്ക് മരണപത്രിക തയ്യാറാക്കാം. ബന്ധുക്കള്‍ക്കോ ആസ്പത്രികള്‍ക്കോ കോടതികള്‍ക്കോ പത്രിക കൈമാറണം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കണം. പത്രിക രോഗി അബോധാവസ്ഥയിലായതിനുശേഷം മാത്രമേ നടപ്പിലാക്കാവൂ.

ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഒരു സാധ്യതയും ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ദയാവധത്തിന് അനുമതി നല്‍കാന്‍ കഴിയുളളു. ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കും പരിശോധനകള്‍ നടത്തുക. ഈ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും ദയാവധം നല്‍കുക. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ഹൈക്കോടതി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഹര്‍ജിയില്‍ സുപ്രീംകോടതി വിധിപ്രസ്താവം തുടരുകയാണ്.

SHARE