എല്ലാ മത്സരങ്ങളില്‍ നിന്നുമായി ലയണല്‍ മെസ്സി 500-ാം ഗോള്‍ നേടിയ മത്സരത്തില്‍ ബാര്‍സലോണ സെവിയ്യയെ തകര്‍ത്തു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു യൂറോപ്പ ലീഗ് ചാമ്പ്യന്മാര്‍ക്കെതിരെ ലാലിഗ ചാമ്പ്യന്മാരുടെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡുമായുള്ള അകലം രണ്ട് പോയിന്റായി കുറക്കാനും ബാര്‍സക്കായി.
15-ാം മിനുട്ടില്‍ വിറ്റോലോയുടെ മനോഹര ഫിനിഷില്‍ ആതിഥേയരായ സെവിയ്യ മുന്നിലെത്തിയിരുന്നു. എന്നാല്‍ 43-ാം മിനുട്ടില്‍ നെയ്മറുടെ പാസ് ബോക്‌സിനു പുറത്തുനിന്നുള്ള തകര്‍പ്പന്‍ പ്ലേസിങിലൂടെ വലയിലെത്തിച്ച് മെസ്സി സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 61-ാം മിനുട്ടില്‍ മെസ്സിയുടെ പാസില്‍ നിന്ന് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് സുവാരസ് ബാര്‍സക്ക് ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം നേടിക്കൊടുത്തു.
ബാര്‍സലോണ സീനിയര്‍ കരിയറില്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ മത്സരങ്ങളില്‍ നിന്നുമായാണ് മെസ്സി 500 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. എട്ട് ഗോളുമായി ലീഗിലെ ഗോള്‍വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന മെസ്സി ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് 469 ഗോളാണ് നേടിയിട്ടുള്ളത്.
11 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 27 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ലാലിഗയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാര്‍സക്ക് 25-ഉം മൂന്നാമതുള്ള വിയ്യാറയലിന് 22-ഉം പോയിന്റുണ്ട്. 21 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡും സെവിയ്യയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
👏⚽️ Counting official matches and friendlies, Messi reaches the figure of 500 goals for FC Barcelona. Well done Leo! #FCBlive #SevillaFCB pic.twitter.com/LtQd6s8534
— FC Barcelona (@FCBarcelona) November 6, 2016