Connect with us

Video Stories

ധന്യജീവിതത്തിന്റെ വിടവാങ്ങല്‍

Published

on


എം.സി വടകര


എം.ഐ തങ്ങള്‍, അതൊരപൂര്‍വ്വ ജന്മമായിരുന്നു. തന്റെ കൈവശമുള്ളതെല്ലാം സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച് ഒന്നും തിരിച്ചു ചോദിക്കാതെ തിരശ്ശീലക്ക് പിന്നില്‍ അപ്രത്യക്ഷമായ ഒരു മഹാജന്മം. കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തോളമായി ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിക്കുകയാണ് ഞാന്‍. അദ്ദേഹം ഇല്ലാതായെന്ന് കേട്ടപ്പോള്‍ ശരീരത്തില്‍ നിന്ന് ഒരവയവം നഷ്ടപ്പെട്ടത് പോലെ തോന്നുന്നു. നികത്തിയാലും നികത്തിയാലും നിറയാത്ത ശൂന്യത….
സഹോദര തുല്യനായിരുന്നു എം.ഐ തങ്ങള്‍. മാപ്പിളനാട് വാരികയില്‍ എഴുതുന്ന കാലത്താണ് എം.ഐ തങ്ങളുമായി ഞാന്‍ സൗഹൃദം തുടങ്ങുന്നത്. പിന്നീട് നൂറു കണക്കിന് സംഘടനാ ക്യാമ്പുകളില്‍, സമ്മേളനങ്ങളില്‍, യാത്രകളില്‍ സൗഹൃദ സന്ദര്‍ശങ്ങളില്‍ എന്റെ സമീപസ്ഥനായി തങ്ങളുണ്ടായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ച് കാഴ്ചപ്പാടുകള്‍ വ്യക്തമായി ആ സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹം അവതരിപ്പിച്ചു. ആരോഗ്യം അനുവദിക്കുന്നത് വരെ തങ്ങളുടെ ഫോണ്‍ കോളുകള്‍ എന്നെ തേടിയെത്തി. ഏതാനും മാസം മുമ്പ് വന്ന ഫോണ്‍ കോളില്‍ സമയം അടുത്തെത്തിയെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ അങ്ങിനെയൊന്നുമിപ്പോഴുണ്ടാവില്ലെന്ന് പറഞ്ഞാശ്വസിപ്പിച്ചത് ഓര്‍ക്കുന്നു. നീണ്ട ആസ്പത്രി വാസത്തിനിടയിലും പ്രിയപ്പെട്ടവരെ ഏറെ കരുതലോടെ മനസ്സിലിട്ട് താലോലിച്ചിരുന്നു അദ്ദേഹം.
മാപ്പിളനാട് വാരികയില്‍ എം.ഐ തൃക്കലങ്ങോട് എന്ന പേരിലാണ് അദ്ദേഹം എഴുതിയിരുന്നത്. ചെറുപ്പക്കാരുടെ ആവേശമായിരുന്നു അന്ന് മാപ്പിളനാട്. എഴുത്തിനോട് വല്ലാത്ത പ്രണയമുണ്ടായിരുന്നെങ്കിലും തങ്ങളുടെ ജീവിത പാശ്ചാത്തലം സമ്പന്നമായിരുന്നില്ല. അതു കൊണ്ട് തന്നെ അധികം വൈകാതെ തങ്ങള്‍ തൊഴില്‍ തേടി പ്രവാസിയായി. അഹമ്മദാബാദില്‍ പ്രവാസ ജീവിതം നയിക്കുന്ന കാലഘട്ടം തങ്ങളുടെ ജീവിതത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. കുന്നോളം ജീവിതാനുഭവങ്ങളും കൈയ്യിലിട്ട് അമ്മാനമാടാന്‍ നിരവധി ഭാഷകളുമായാണ്് തങ്ങള്‍ നാട്ടില്‍് തിരിച്ചെത്തിയത്.
പ്രവാസ ജീവിതത്തിനു ശേഷമുള്ള കാലഘട്ടം കുറച്ചു കൂടി ഗൗരവപരമായിരുന്നു. കൂടുതല്‍ ധിഷണാപരമായ എഴുത്തുകള്‍ എം.ഐ തങ്ങളുടേതായി പുറത്തു വന്നു. ചന്ദ്രികയുടെ താളുകളിലൂടെ ആ എഴുത്ത് കൂടുതല്‍ ജനങ്ങളിലേക്ക് പരന്നൊഴുകി. സുവ്യക്തമായിരുന്നു ഓരോ വിഷയത്തിലും തങ്ങളുടെ നിലപാടുകള്‍. വര്‍ഗീയ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും എന്താണ് എന്ന് കൃത്യമായി എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം വേര്‍തിരിച്ചു കാണിച്ചു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ വരുന്നവരെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തുരത്തിയോടിച്ചത് എം.ഐ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യയ ശാസ്ത്ര ക്ലാസുകളില്‍ നിന്ന് ലഭിച്ച വിഞ്ജാനത്തിന്റെ ബൗദ്ധിക പിന്‍ബലത്തോടെയായിരുന്നു.
എം.ഐ തങ്ങളുടെ പുസ്തകങ്ങള്‍ മതി വരും കാല തലമുറക്ക് അദ്ദേഹത്തിന്റെ സംഭാവനകളെ അടുത്തറിയാന്‍. ന്യൂനപക്ഷ രാഷ്ട്രീയം എന്ന പുസ്തകത്തെ ഈ വിഷയത്തിലെ ക്ലാസിക് എന്ന് നിസംശയം വിളിക്കാം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യകതയെ ബലപ്പെടുത്തുകയാണ് ഈ പുസ്തകം. മുസ്‌ലിംലീഗിന്റെ ദാര്‍ശനിക മുഖം പുസ്തകങ്ങളിലൂടെ തങ്ങള്‍ അനാവരണം ചെയ്യുന്നു.
സര്‍സയ്യിദ് അഹമ്മദ് ഖാനെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഏക ഗ്രന്ഥം തങ്ങളുടേതാണ്. സര്‍ സയ്യിദ് ജീവിതവും വീക്ഷണവും എന്ന പുസ്തകം ആ മഹാനുഭാവന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതോടൊപ്പം അദ്ദേഹം ജീവിച്ച കാലഘട്ടത്തെ കൂടി തെളിമയോടെ അവതരിപ്പിക്കുന്നു.
നല്ല വായനക്കാരനെ എഴുത്തുകാരനാവാന്‍ കഴിയൂ എന്നത് കൂടി എം.ഐ തങ്ങളുടെ ജീവിതം ഓര്‍മ്മപ്പെടുത്തുന്നു. പുതിയ പുസ്തങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നതില്‍ ഏറെ ഔത്സുക്യം അദ്ദേഹം കാണിച്ചു. വലിയ ലൈബ്രറികളെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ഗ്രന്ഥശാല സംഘത്തിന്റെ ഫുള്‍ ടൈം മെമ്പറായിരുന്നു തങ്ങള്‍. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിന് സത്യസന്ധമായും ക്രിയാത്മകമായും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.
നിഷ്‌കാമമായ പൊതുപ്രവര്‍ത്തനം സമൂഹത്തില്‍ നിന്ന് അകന്നു പോകുന്ന കാലഘട്ടത്തില്‍ ആ രംഗത്തെ അപൂര്‍വ്വ ജ്യോതിസ്സായിരുന്നു എം.ഐ തങ്ങള്‍. അനേകം തലമുറകളോളം ആ നാമം അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending