“നിറം നോക്കി വിലയിരുത്തുന്നവര്‍ എന്റെ മുഖത്തേക്ക് നോക്കണം”; വിശ്വസുന്ദരി സോസിബിനി ടുന്‍സി

തൊലിയുടെ നിറനോക്കി സൗന്ദര്യം വിലയിരുത്തുന്ന ലോകം എന്നിലൂടെ അവസാനിക്കണമെന്ന് വിളിച്ചു പറഞ്ഞ് വിശ്വസുന്ദരി പട്ടം അണിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി. ലോക സൗന്ദര്യം നിറഞ്ഞുനിന്ന അമേരിക്കയിലെ അറ്റ്‌ലാന്റയിലെ പ്രൗഢ ഗംഭീര ചടങ്ങിലാണ് 26 കാരിയായ ദക്ഷിണാഫ്രിക്കന്‍ സുന്ദരി വിശ്വസുന്ദരി കിരീടം അണിഞ്ഞ് ഉറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞത്.

‘തൊലിയുടെ നിറവും, തലമുടിയും നോക്കി സ്ത്രീകളുടെ സൗന്ദര്യം വിലയിരുത്തുന്ന ലോകത്താണ് ഞാന്‍ വളര്‍ന്നത്, ഞാന്‍ ചിന്തിക്കുന്നത് ഇത് ന്നിവിടെ അവസാനിക്കണമെന്നാണ്. കുട്ടികള്‍ എന്റെ മുഖത്തേക്ക് നോക്കണം, എന്റെ മുഖം കാണണം, അവരുടെ മുഖങ്ങള്‍ എന്നിലുടെ പ്രതിഫലിക്കണം, മിസ് യൂണിവേഴ്‌സ് കിരീടം അണിയുന്നതിനു തൊട്ടുമുമ്പ് ടുന്‍സിയുടെ വാക്കുകള്‍ ലോക സൗന്ദര്യ വേദിയില്‍ ആഞ്ഞടിച്ചു.

ദക്ഷിണാഫ്രിക്കന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കൊടും പീഡനത്തെ കുറിച്ച് എന്ത് പറയാനുണ്ടെന്ന ചോദ്യത്തോടുള്ള സോസിബിനി ടുന്‍സിയുടെ പ്രതികരണത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്തുചെയ്യണമെന്ന് സ്ത്രീകളോട് ചോദിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നായിരുന്നു് ടുന്‍സിയുടെ മറുപടി. സ്ത്രീകളോട് നിര്‍ദ്ദേശം നല്‍കുന്നതിന് പകരം ഇന്നരം പീഡനങ്ങള്‍ നടത്തുന്നരോട് നല്ലത് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്.
അവര്‍ നല്ലത് ചെയ്യാന്‍ തുടങ്ങട്ടെ, അവര്‍ സ്ത്രീകളോട് മര്യാത നിറഞ്ഞ രീതിയില്‍ പെരുമാറാന്‍ തുടങ്ങട്ടെ. നിലവിലെ അവസ്ഥയില്‍ ദക്ഷിണഫ്രിക്കന്‍ സ്ത്രീകള്‍ക്ക് സന്തോഷിക്കാന്‍ ഒന്നുമില്ലെന്നും, ലോക വിശ്വ സുന്ദരി പട്ടം നേടിയ സോസിബിനി ടുന്‍സി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബനി സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ടുന്‍സി. ലിംഗപരമായ വിവേചനം മൂലമുള്ള അതിക്രമങ്ങള്‍ക്കെതിരെ ടുന്‍സി സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ക്യാമ്പയിനുകളുടെ ഭാഗമായി ടുന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മത്സരത്തില്‍ മിസ് പ്യൂറട്ടോറിക്കോ, മിസ് മെക്‌സിക്കോ എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി. വെള്ളിയും നീലയും ഇടകലര്‍ന്ന ഗൗണ്‍ അണിഞ്ഞാണ് ടുന്‍സി വിശ്വസുന്ദരി പട്ടം അണിഞ്ഞത്. സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍, ചോദ്യോത്തരം എന്നീ റൗണ്ടുകളിലായാണ് തൊണ്ണൂറോളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് 68 മത്തെ മിസ് യൂണിവേഴ്‌സ് 2019 തെരഞ്ഞെടുപ്പ് നടന്നത്. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യ പത്തില്‍ ഇടംനേടാന്‍ ഇന്ത്യന്‍ സുന്ദരി വര്‍തിക സിങ്ങിന് കഴിഞ്ഞില്ല.
2018 ലെ വിശ്വസുന്ദരിയായ ഫിലിപ്പിന്‍സിന്റെ കാട്രിയോണ ഗ്രേ ആണ് സോസിബിനി ടുന്‍സിയെ വിശ്വസുന്ദരി കിരീടം അണിയിച്ചത്.