കാണാതായ ജസ്‌ന ബംഗളൂരുവില്‍ എത്തിയെന്ന് വിവരം; സ്ഥിരീകരിക്കാതെ കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്‌ന ബംഗളൂരുവില്‍ എത്തിയെന്ന് സൂചന. എന്നാല്‍ കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ സുഹൃത്തിനൊപ്പം ജസ്‌ന എത്തിയതായാണ് വിവരം.

പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഇരുവരും നിംബാന്‍സ് ആസ്പത്രിയില്‍ ചികിത്സ തേടിയശേഷം മൈസൂരുവിലേക്ക് പോയെന്നും സൂചനയുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ജസ്‌നയുടെ കുടുംബം രംഗത്തെത്തി. ഇതിനെക്കുറിച്ച് ബംഗളൂരു പൊലീസോ കേരള പൊലീസോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജസ്‌നയുടെ കുടുംബം വ്യക്തമാക്കി.

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള്ള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌ന മരിയ ജെയിംസിനെ(20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷം ബികോ വിദ്യാര്‍ഥിനിയാണ് ജസ്‌ന. കാണാതായ ദിവസം ജസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. എരുമേലി വരെ ജസ്‌ന എത്തിയതായാണ് പൊലീസിനുള്ള വിവരം.