എന്‍.പി.ആര്‍: മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നു – എം.കെ മുനീര്‍

തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ കേരളത്തില്‍ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മൂനീര്‍. ജനങ്ങളെ വഞ്ചിക്കുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കലക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആവശ്യമായ ജീവനക്കാരെ വിട്ടുതരണം എന്നാവശ്യപ്പെട്ട് തഹസീല്‍ദാര്‍മാര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കത്തുനല്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ കലക്ടര്‍മാര്‍ ഏകപക്ഷീയമായി ഇത്തരമൊരു വിവാദ നടപടി സ്വീകരിക്കില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്ന എല്ലാ നടപടികളും നിര്‍ത്തിവച്ചെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുവേണ്ടി തകൃതിയായ തയാറെടുപ്പ് നടത്തുന്നത്.
എന്‍.പി.ആര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് താമരശേരി തഹല്‍സിദാര്‍ അയച്ച കത്ത്. ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് പുതുക്കല്‍ നടത്തുകയെന്നു കത്തില്‍ വ്യക്തമാണ്. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ ഓരോ ദിവസവും വഞ്ചിക്കുകയാണ്. പദ്ധതി നടപ്പാക്കും എങ്കില്‍ അത് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി തയാറാകണം. ഭരണഘടനാ സംരക്ഷണം എന്ന സര്‍ക്കാരിന്റെ ഉമ്മാക്കി ശുദ്ധ കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന പിണറായി സര്‍ക്കാര്‍, പൗരത്വരജിസ്റ്റര്‍ പുതുക്കുന്നതിലും തങ്ങള്‍ മുന്‍നിരയിലുണ്ടെന്ന സന്ദേശമാണ് നല്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നും പാര്‍ട്ടി പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലിലടച്ചും പിണറായി സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
കേരളത്തിന് അര്‍ഹിക്കുന്ന പ്രളയ സഹായവും ജിഎസ്ടി വിഹിതവും നിഷേധിച്ചിട്ടും അതിനെതിരേ പ്രതിഷേധിക്കാന്‍ മോദിഭക്തിമൂലം സാധിക്കുന്നില്ല. സംഘപരിവാറിന്റെ മനസുള്ള ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

SHARE