ഹിന്ദി ന്യൂസ് ചാനല്‍ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവന്‍. ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും എം കെ രാഘവന്‍ പറഞ്ഞു.

”ഇനിയെന്നെ അപമാനിക്കാന്‍ ബാക്കിയില്ല. നമ്പി നാരായണന്‍ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാന്‍ കഴിയില്ല ..”, മാധ്യമങ്ങള്‍ക്ക് മുന്നില്‍ എം കെ രാഘവന്‍ പൊട്ടിക്കരഞ്ഞു.

ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഘവന്‍ വികാരാധീനനായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു സ്ഥാനാര്‍ഥി. ആരോപണങ്ങള്‍ക്ക് ശേഷം ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ടായിരുന്നു രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

”തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍ എന്ന് പറഞ്ഞു തന്നെയാണ് രണ്ട് പേര്‍ എന്റെ വീട്ടില്‍ വന്നത്. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് വന്നത്. തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ കേരളത്തിന് പുറത്തൊക്കെ വലിയ ചെലവാണ്. കേരളത്തിനകത്ത് വലിയ ചെലവാണെന്നും താന്‍ പറഞ്ഞു. എന്നാല്‍ അവര്‍ ഇപ്പോള്‍ പുറത്തുവിട്ട വീഡിയോ എഡിററ് ചെയ്തതാണെന്നും സംഭാഷണങ്ങള്‍ കൃത്രിമമാണെന്നും രാഘവന്‍ പറഞ്ഞു. അപകീര്‍ത്തിപ്പെടുത്താന്‍ എത്ര നീചമായ മാര്‍ഗവും നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുകയാണെങ്കില്‍ എന്നെ വെട്ടാതെ കൊല്ലുകയായിരുന്നെന്നും രാഘവന്‍ പറഞ്ഞു.

ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലുള്ള പാര്‍ട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവന്‍ ആരോപിച്ചു. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

ചില മാഫിയ നേതാക്കളും ഇതിന് പിന്നിലുണ്ട്. സിപിഎം വെട്ടാതെ കൊല്ലുകയാണെന്നും രാഘവന്‍ പറഞ്ഞു. എല്ലാ മാധ്യമപ്രവര്‍ത്തകരും എന്നെക്കുറിച്ച് അന്വേഷിക്കൂ, എന്റെ സമ്പാദ്യത്തെക്കുറിച്ചും അന്വേഷിക്കൂ’, എന്ന് എം കെ രാഘവന്‍ മാധ്യമങ്ങളോടായി പറഞ്ഞുൾക്കുണ്ട്.

10 വർഷം ഞാൻ നിങ്ങൾക്കൊപ്പം പ്രവർത്തിച്ചു. ഞാനും എന്റെ ഓഫിസും 24 മണിക്കൂറും സജീവമാണ്. ആർക്കു വേണമെങ്കിലും എന്നെ വന്നു കാണാം. ഏതു കാര്യവും വന്നു പറയാം. എന്റെ ഓഫിസിലും പറയാം. ആരുടെയും കത്തിന്റെ ആവശ്യമില്ല. കഴിയാവുന്ന കാര്യം ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്റെ പൊതുജീവിതവും വ്യക്തിജീവിതവും കുടുംബ ജീവിതവും എല്ലാവർക്കും അറിയാം. ഞാൻ സാധാരണ രാഷ്ട്രീയക്കാരനാണ്. എനിക്ക് കൊമ്പില്ല. ഏത് പ്രശ്നം വന്നാലും കൂടെ നിൽക്കും. ജനപക്ഷത്തുനിന്ന് പ്രവർത്തിക്കും. പാർട്ട് ടൈം അല്ല, ഫുൾടൈം എംപിയായിരുന്നു ഞാൻ – എം.കെ രാഘവൻ പറഞ്ഞു.