പാര്‍ട്ടി ഓഫീസില്‍ യുവതിക്ക് പീഡനം: എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തരംഗമാവുന്നു

കോഴിക്കോട്: ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഓഫീസില്‍ യുവതി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ മന്ത്രി എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തരംഗമാവുന്നു. എം.എം മണി രണ്ട് ദിവസം ഇട്ട പോസ്റ്റാണ് ഇപ്പോള്‍ തിരിച്ചടിക്കുന്നത്. ‘അവസാനം ഓഫീസില്‍ നിന്ന് പോവുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം എന്നായിരുന്നു’ മന്ത്രിയുടെ പോസ്റ്റ്. പാര്‍ട്ടി ഓഫീസിലെ പീഡന വാര്‍ത്ത പുറത്ത് വന്നതോടെ പഴയ പോസ്റ്റ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റിനെ പരിഹസിച്ച് രംഗത്തെത്തി. എം.എം മണിയുടെ അപാര ദീര്‍ഘവീക്ഷണമാണ് ഈ പോസ്റ്റിലൂടെ വ്യക്തമാവുന്നതെന്നും മന്ത്രി മഹാനാണെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ചെര്‍പ്പുളശേരിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച്ഡി.വൈ.എഫ് പ്രവര്‍ത്തകന്റെ പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സി.പി.എം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.

SHARE