മോദിയുടെ ലേ സന്ദര്‍ശനം; ചരിത്രം ഉദ്ധരിച്ച് ചോദ്യങ്ങളുമായി ശശി തരൂര്‍- ബി.ജെ.പി മറുപടി പറയുമോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേ സന്ദര്‍ശനത്തില്‍ ബി.ജെ.പിയോടും കേന്ദ്രസര്‍ക്കാറിനോടും ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്ദിരാ ഗാന്ധിയുടെയും മന്‍മോഹന്‍സിങിന്റെയും സന്ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് തരൂരിന്റെ ചോദ്യങ്ങള്‍.

‘1971ല്‍ ഇന്ദിരാ ഗാന്ധി ലേ സന്ദര്‍ശിച്ചു. പിന്നാലെ പാകിസ്താനെ രണ്ടാക്കി മുറിച്ചു. 2005ല്‍ സിയാച്ചിനില്‍ ഒരു പ്രധാനമന്ത്രി ആദ്യമായി എത്തി, ഡോ. മന്‍മോഹന്‍സിങ്. സിയാച്ചിന്‍ ഇപ്പോഴും ഇന്ത്യയുടെ കൈപ്പിടിയില്‍ നില്‍ക്കുന്നു. 2020ല്‍ എന്തു പ്രതീക്ഷിക്കണം. നിര്‍ണായകമായ നടപടിയോ അല്ലെങ്കില്‍ ഭൂപ്രദേശം നിലനിര്‍ത്തുന്നതോ?’- എന്നാണ് തരൂര്‍ ചോദിച്ചത്.

ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തെ കുറിച്ച് ദ വീക്ക് എഴുതിയ കുറിപ്പിന്റെയും മന്‍മോഹന്റെ സന്ദര്‍ശനത്തെ കുറിച്ച് മുന്‍ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിന്റെയും ലിങ്കുകള്‍ തരൂര്‍ പങ്കുവച്ചിട്ടുണ്ട്.

ലഡാക്കിലെ ചൈനീസ് ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് മോദി ലേയില്‍ സൈനികരെ കാണാനെത്തിയത്. പരിക്കേറ്റ സൈനികരെ അദ്ദേഹം സന്ദര്‍ശിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. സേനാ മേധാവികള്‍ക്കൊപ്പമായിരുന്നു മോദിയുടെ സന്ദര്‍ശനം.

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ഇന്ദിരയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ആദ്യമായി ഷെയര്‍ ചെയ്തത്. ലേ സന്ദര്‍ശിച്ചതിന് ശേഷം ഇന്ദിര പാകിസ്താനെ രണ്ടാക്കി, അദ്ദേഹം എന്തു ചെയ്യുന്നു എന്ന് കാണാം എന്ന കുറിപ്പോടെയാണ് തിവാരി ഫോട്ടോ ട്വീറ്റ് ചെയ്തത്.

SHARE