സി.എ.എ വിശദീകരണത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റായി ‘മോദി കള്ളങ്ങള്‍’

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പൗരത്വ പ്രക്ഷോഭകര്‍ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തില്‍ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. എന്‍.ആര്‍.സിയെക്കുറിച്ച് എന്‍.ഡി.എ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടേയില്ലെന്ന വാദവും പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനായി രാജ്യത്തെവിടെയും തടവറ നിര്‍മിക്കുന്നില്ലെന്ന മോദിയുടെ വാദങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മുസ്‌ലിംകള്‍ക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ #Modi-Lies ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റായി. ഒറ്റ തവണ ഗൂഗിള്‍ പരതി നോക്കിയാല്‍മചി മോദിയുടെ അവകാശവാദം തെറ്റാണെന്ന് തെളിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ‘തടങ്കല്‍പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ മോദി കരുതുന്നത്. തടങ്കല്‍പാളയങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിന് വാര്‍ത്തകളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

രാം ലീല മൈതാനിയിലെ പ്രസംഗത്തിലാണ് എന്‍.ആര്‍.സി എന്‍.ഡി.എ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കിയത്
കോണ്‍ഗ്രസാണ് എന്‍.ആര്‍.സിക്ക് തുടക്കമിട്ടതെന്നും അസമില്‍ ഇത് നടപ്പാക്കിയത് സുപ്രീംകോടതി നിര്‍ദേശാനുസരണമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു പ്രസ്താവന. എന്നാല്‍ എന്‍.ആര്‍.സി രാജ്യവ്യാപകമായി വരാന്‍പോകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ തന്നെ വ്യക്തമാക്കിയതാണ്. തടവറ നിര്‍മാണത്തിന്റെ ദൃശ്യങ്ങളാകട്ടെ നേരത്തെ തന്നെ പുറത്തുവന്നിട്ടുമുണ്ട്. അമിത് ഷാ തന്നെയാണ് അരക്ഷിതാവസ്ഥ സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി മുമ്പു നടത്തിയ പ്രസ്താവനകളും ട്രോളായി വന്നു. അമ്പത് ദിവസത്തിനുള്ളില്‍ നോട്ടുനിരോധനത്തില്‍ സമാധാനം തെന്നില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചോളൂ, തുടങ്ങിയ വാദങ്ങളാണ് ട്രോളായി വന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം സര്‍ക്കാറിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയ വിശദീകരണ പൊതുയോഗം. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ എന്‍.ആര്‍.സിയും പൗരത്വ നിയമ ഭേദഗതിയും തമ്മില്‍ ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് മോദി ഏറെ സമയം ചിലവിട്ടത്.