“ബി.ജെ.പി പ്രസിഡന്റായി മോദി-ഷായുടെ റബ്ബര്‍സ്റ്റാമ്പ്”; കപടന്മാര്‍ പ്രതിഷേക്കുന്നില്ലെയെന്ന് സോഷ്യല്‍മീഡിയ

ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദയെ പ്രഖ്യാപിച്ചു. മോദി-ഷാ ടീമിന്റെ ഭാഗമായ നദ്ദയെ അധ്യക്ഷനാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. നേരത്തെ അമിത് ഷായുടെ വര്‍ക്കിങ് പ്രസിഡന്റായി പണിയെടുത്ത നദ്ദയെ എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി ആസ്ഥാനത്ത് എത്തി പുതിയ അധ്യക്ഷനെ അനുമോദിക്കും.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പകരക്കാരനായ മോദി-ഷാ ടീമിന്റെ ഭാഗമായ ജെപി നദ്ദയെ നാമനിര്‍ദേശം ചെയ്തതില്‍ കപടനാട്യക്കാര്‍ക്കാര്‍ക്കും പ്രതിഷേധമില്ലേയെന്ന് ചോദ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി.

ആഭ്യന്തര തിരഞ്ഞെടുപ്പ് പോലും നടക്കാതെ ഷായുടെ സ്ഥാനത്ത് മോദിയുടെ നദ്ദയെ ദേശീയ ബിജെപി പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തതായി ശ്രീവാസ്ത ആരോപിച്ചു. ആഭ്യന്തര തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, മറ്റ് എതിരാളികളൊന്നുമില്ല. എന്നാല്‍ ആരും ബിജെപിയെ ചോദ്യം ചെയ്യുന്നില്ലെന്നും ശ്രീവാസ്ത ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസാണ് ഇത് ചെയ്തിരുന്നുവെങ്കില്‍, ഒന്നാം പേജ് ലേഖനങ്ങളും ലൈവ് ചര്‍ച്ചയുമായി അര്‍ണബ്, നവിക തുടങ്ങി മുഴുവന്‍ മോഡിയയും രംഗത്തുണ്ടാവുമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത് ഇരട്ട നിലപാടാണെന്നും ശ്രീവാസ്ത കൂട്ടിച്ചേര്‍ത്തു. ശ്രീവാസ്തക്ക് പിന്നാലെ നിരവധി പേരാണ് റബ്ബര്‍സ്റ്റാമ്പ് നിയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കേന്ദ്ര അഭ്യന്തര മന്ത്രി സ്ഥാനം കൈകാര്യം ചെയ്ത് തുടങ്ങിയതോടെ ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ തിരിച്ചടിയായ വേളയിലാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നത്. ദേശീയ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം അഭ്യന്തര മന്ത്രി സ്ഥാനവും കൂടെ ജനകീയ പ്രക്ഷോഭങ്ങളും കൂടിയായതോടെ ഷായുടെ ജോലിഭാരം കുറയ്ക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ജെ.പി നഡ്ഡ ജനുവരി 22ന് മുമ്പ് പുതിയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. 2014 ജൂലൈയില്‍ രാജ്‌നാഥ് സിങ്ങില്‍നിന്നാണ് ബിജെപി പ്രസിഡന്റ് സ്ഥാനം അമിത് ഷാ ഏറ്റെടുത്തത്.

അതേസമയം അമിത് ഷാ പടിയിറങ്ങുന്നതോടെ സ്ഥാനാരോഹിതനാകുന്ന നദ്ദക്ക് രണ്ടാം മോദി സര്‍ക്കാരിന്റെ ഘട്ടത്തില്‍ കടുത്ത വെല്ലുവിളികളാകും നേരിടേണ്ടിവരിക. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലധികം ബിജെപിയുടെ അമരത്തിരുന്ന അമിത് ഷായുടെ പകരക്കാരനായി എത്തുമ്പോള്‍ നദ്ദയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. പൗരത്വനിയമത്തിലെ ഭേദഗതി, കശ്മീര്‍ നിയന്ത്രണം, കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്, നോര്‍ത്തീസ്റ്റ് പ്രക്ഷോഭങ്ങള്‍ തുടങ്ങി നിരവധി വിവാദവിഷയങ്ങളാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ തലയിലേക്ക് അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചിരിക്കുന്നത്.

വിവാദ വിഷയങ്ങളില്‍ മുന്‍ കാലങ്ങള്‍ക്ക് വിപരീതമായി രണ്ടാം മോദി സര്‍ക്കാറില്‍ ജനങ്ങള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തുയര്‍ന്ന പ്രതിഷേധം ഒതുക്കാനാവാത്ത നിലയിലാണ് നിലവിലെ ആഭ്യന്തര മന്ത്രികൂടിയായ ഷാ പടിയിറങ്ങുന്നത്. ജനകീയ പ്രക്ഷോഭങ്ങളോട് അമിത് ഷാ നേരിട്ട രീതി തന്നെയാകുമോ പുതിയ അധ്യക്ഷനും സ്വീകരിക്കുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ വരാന്‍ പോകുന്ന ഡല്‍ഹി, ബിഹാര്‍, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പും അധ്യക്ഷന് മുന്നിലുള്ള കടുത്ത വെല്ലുവിളിയാണ്. നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിശ്ചിയിച്ച ശേഷം നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനം മോശമായിരുന്നു.

അതേസമയം പുതിയ അധ്യക്ഷന്‍ വന്നാലും പാര്‍ട്ടിയുടെ നിയന്ത്രണം അമിത് ഷായുടെ കയ്യില്‍തന്നെയാവുമോ എന്ന സൂചനയുമുണ്ട്. ജെ.പി നഡ്ഡ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന. അതേസമയം കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉള്‍പ്പടെയുള്ള ദൗത്യങ്ങളാണ് ജെ.പി നഡ്ഡയെ തുടക്കത്തില്‍ കാത്തിരിക്കുന്നത്.

SHARE