ഗാന വിവാദം; വിടി മുരളിയോട് ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍

ഗാന വിവാദത്തില്‍ വിടി മുരളിയോട് ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാന്‍’ എന്ന ഗാനം ആലപിച്ചത് താനാണെന്ന് നടന്‍ മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പരാമര്‍ശം വന്‍വിവാദമാവുകയും ചെയ്തു. ഈ ഗാനം ചിത്രത്തില്‍ ആലപിച്ച വിടി മുരളി രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് അവസാനം കുറിച്ച് മോഹന്‍ലാല്‍ തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

താന്‍ പാടിയത് എന്ന പരാമര്‍ശത്തിലൂടെ താന്‍ പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസ് വേദിയില്‍ വെച്ച് ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ഗാനം നടന്‍ ധര്‍മജന്‍ ആലപിച്ചപ്പോള്‍ ‘ഇത് എന്റെ ചിത്രത്തിലെ, ഞാന്‍ പാടിയ പാട്ടാണ്’ എന്നായിരുന്നു താരം പറഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഗായകന്‍ വിടി മുരളി മോഹന്‍ലാലിന് എതിരായി രംഗത്തെത്തുകയായിരുന്നു. പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയ്യിട്ടുവാരുന്നോ എന്നായിരുന്നു മുരളി ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വലിയ സൈബര്‍ ആക്രമണവും നടന്നിരുന്നു.

‘കഴിഞ്ഞ ആഴ്ചയില്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ അദ്ദേഹത്തിന് ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്. ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, അത് ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നു.’ മോഹന്‍ലാല്‍ പറഞ്ഞു. പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ 1985ലായിരുന്നു ഉയരും ഞാന്‍ നാടാകെ എന്ന ചിത്രം പുറത്തിറങ്ങിയത്.

SHARE