പെണ്‍കുഞ്ഞ് ജനിച്ചതില്‍ ദേഷ്യം ; പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 26 കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ് സംഭവം നടന്നത്.
മൂന്നാം തവണയും പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംശയം തോന്നിയ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെട്ടത്. മര്‍ദനത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.