യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ബുക്കിങ് ആരംഭിച്ചു

ദുബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍. ജൂലൈ ഒമ്പത് മുതലാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതിന്റെ ബുക്കിങ് വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലു മുതല്‍ ആരംഭിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് www.airindiaexpress.in വെബ്‌സൈറ്റില്‍ നിന്നോ അംഗീകൃത യു.എ.ഇ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ടിക്കറ്റെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ബുക്കിങ് നടത്തുന്ന വേളയില്‍ പാസ്‌പോര്‍ട്ട്, വ്യക്തിവിവരങ്ങള്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ ഒമ്പതു മുതല്‍ 14 വരെയാണ് നാലാം ഘട്ടത്തിലെ വന്ദേഭാരത് മിഷന്‍. മധുരൈ, കോയമ്പത്തൂര്‍, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍. എല്ലാ വിമാനങ്ങളും ഷാര്‍ജയില്‍ നിന്നാണ്.

ഒമ്പതിന് മധുരൈയിലേക്കാണ് ആദ്യ വിമാനം. 10,14 തിയ്യതികളിലാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. കൊച്ചിയിലേക്ക് 11-ാം തിയ്യതിയും.

ഇതുവരെ 165,000 ഇന്ത്യയ്ക്കാരെ വന്ദേഭാരത് മിഷനില്‍ രാജ്യത്തെത്തിച്ചതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 62000ത്തിലേറെ ഇന്ത്യയില്‍ നിന്ന് അവരുടെ നാടുകളിലേക്ക് പറന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE