മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് അമ്മ മരിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് അമ്മ മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ (96)ആണ് മരിച്ചത്. ഇവരുടെ ഏക മകന്‍ വേലായുധന്‍(52) ഇതേ വിഷം കഴിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വേലായുധന്‍ അമ്മക്ക് ഒതളങ്ങ പാലില്‍ ചേര്‍ത്തു നല്‍കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. വേലായുധന്റെ ഭാര്യ രമ തൊഴിലുറപ്പ് ജോലിക്കു പോയിരുന്ന സമയത്താണ് സംഭവം നടന്നത്.

കഴിഞ്ഞദിവസം വേലായുധന്‍ ഒതളങ്ങ അന്വേഷിച്ചു നടന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പാറുക്കുട്ടിയമ്മക്ക് എന്തോ കുടിക്കാന്‍ കൊടുക്കുന്നത് കണ്ട് സംശയം തോന്നിയ വേലായുധന്റെ ഇളയമകള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് അവശനിലയിലായ അമ്മയെയും മകനെയും ആണ്.

ഉടന്‍തന്നെ ഇരുവരെയും സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പാറുക്കുട്ടിയമ്മ മരിച്ചു. വോലായുധനും ഭാര്യയും ഇവരുടെ രണ്ട് പെണ്‍മക്കളും കിടപ്പ് രോഗിയായ പാറുക്കുട്ടിയമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

SHARE