എസ്.എഫ്.ഐ ഗുണ്ടായിസം, പൊലീസ് ദാസ്യവേല അവസാനിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ്


കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കോളേജുകളില്‍ നോമിനേഷന്‍ നല്‍കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു ജനാധിപത്യം അട്ടിമറിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് പൊലീസ് ദാസ്യവേല ചെയ്യുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്നലെ കല്ലിക്കണ്ടി എന്‍ എ എം കോളേജില്‍ കൊളവല്ലൂര്‍ സി ഐ ഉള്‍പ്പെടെയുള്ളവര്‍ കണ്ടുനില്‍ക്കെ പുറമെ നിന്നും സംഘടിച്ചെത്തിയ എസ് എഫ് ഐ, ഡി വൈ എഫ് ഐ ഗുണ്ടകള്‍ കോളേജ് ക്യാമ്പസില്‍ അതിക്രമിച്ച് കയറി പെണ്‍ കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ നിരവധി വിദ്യാര്‍ഥികളെ നാദാപുരം ഗവ. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുറച്ചു ദിവസങ്ങളിലായി ഗവ. കോളേജ് തലശ്ശേരി, ഐ .എച്ച്.ആര്‍ .ഡി കല്ലാച്ചി, ഗവ. കോളേജ് കൊടുവള്ളി, ഐ ടി എം മയ്യില്‍, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്, ഓറിയന്റല്‍ കോളേജ് ലക്കിടി എന്നിവിടങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് എസ് എഫ് ഐ നടത്തിവരുന്നത്. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം എസ് എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

SHARE