സുബ്രതോ കപ്പ് വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എം എസ് എഫ് ഫുട്‌ബോള്‍ മാര്‍ച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച ഇടതു പക്ഷ സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും വിവേകരഹിതമായ നടപടിക്കെതിരെ സെക്രെട്ടറിയേറ്റിനുമുമ്പില്‍ ഫുട്‌ബോള്‍ കളിച്ചു എം എസ് എഫ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.മുന്‍ എയര്‍ ഫോഴ്‌സ് മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയുടെ നാമത്തില്‍ 1960
മുതല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 1998 മുതല്‍ അണ്ടര്‍ 17, 14 കാറ്റഗറിയിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍
അസോസിയേഷന്റെ നിയമാവലിക്കനുസൃതമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഉപ ജില്ലാ, ജില്ലാ തലങ്ങളില്‍ മത്സരങ്ങള്‍ക്ക് ശേഷമാണു സംസ്ഥാന തല മത്സരം സംഘടിപ്പിക്കേണ്ടത് എന്ന് കൃത്യമായി നിര്‍ദ്ദേശിക്കുന്നുണ്ട്.

ഈ മാസം 20 മുതല്‍ ഡല്‍ഹിയില്‍ വെച്ച് ദേശീയ തല മത്സരം ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരില്‍ വെച്ച് തട്ടിക്കൂട്ട് രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന തല മത്സരം സംഘടിപ്പിച്ചത്. ഇതര സംസ്ഥാനങ്ങള്‍ വലിയ പ്രാധാന്യത്തോടു കൂടി ഈ ടൂര്‍ണമെന്റിന് വേണ്ട പ്രാധാന്യം നല്‍കി മുന്നൊരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിന്റെ കാല്പന്ത് കളിയുടെ ഭാവി തട്ടി കളിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും നിലപാട് സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . ആയിരകണക്കിന് സ്‌കൂളുകള്‍ ഭാഗമാകേണ്ട ടൂര്‍ണമെന്റില്‍ കേവലം 85 സ്‌കൂളുകളാണ് ഈ വര്ഷം മാറ്റുരച്ചത്.

നേരത്തെ തൃശ്ശൂരിലെ സംസ്ഥാന മത്സരം നടന്ന കേന്ദത്തിലേക്കും എം എസ് എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു .നിരവധി പ്രതിഭകളെ രാജ്യത്തിന് സംമ്മാനിച്ച സുബ്രതോ ടൂര്ണമെന്റിനോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിഷേദാത്മക നിലപാട് കാരണം
നിരവധി പ്രതിഭകള്ക്കാണ് അവസരം ഇല്ലാതായത്. സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ എം എസ് എഫ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മാര്‍ച്ചില്‍ കായിക താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ഫുട്ബാള്‍ കളിയുടെ അകമ്പടിയോടു കൂടെ നടന്ന മാര്‍ച്ച്‌സെക്രെട്ടറിയേറ്റിനു മുമ്പില്‍ പ്രതിഷേധ ഫുട്ബാള്‍ കളിയോട് കൂടെ സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉത്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറിഎം പി നവാസ്, മുസ്ലിം ലീഗ് ജില്ലാ പ്രെസിഡന്റ്
തോന്നയ്ക്കല്‍ ജമാല്‍ , എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, കെ കെ എ അസീസ് , റഷീദ് മേലാറ്റൂര്‍ ,ഷഫീക് വഴിമുക്ക് , അഫ്‌നാസ് ചോറോട്, ബാദുഷ എറണാകുളം, റെസിന് തൃശൂര്‍, ബിലാല്‍ റഷീദ്, അംജദ് കൊല്ലം, നൗഫല്‍ കുളപ്പട, ഇജാസ് കായംകുളം, അസ്‌ലം കെ എച് ,അബ്ദുല്ല കരുവള്ളി , ഹനീഫ പത്തനംതിട്ട എന്നിവര്‍ നേതൃത്വം നല്‍കി.