കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് യോഗത്തിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാർച്ച് നാളെ

കോഴിക്കോട്‌:‌ കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ്‌ ചെയ്ത സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ തെരഞ്ഞെടുപ്പ്‌ വോട്ടവകാശം നീക്കം ചെയ്ത്‌‌ ബൈലോ ഭേദഗതി ചെയ്യാനുള്ള സിൻഡിക്കേറ്റിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ സെനറ്റ് യോഗത്തിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി നവാസ് എന്നിവർ അറിയിച്ചു.

നിലവിൽ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്കും സർവ്വകലാശാലാ തെരെഞ്ഞെടുപ്പ്‌ പ്രക്രിയകളിൽ വോട്ടവകാശം ഉണ്ടായിരിക്കെ സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ സർവ്വകലാശാലാ യൂണിയൻ തെരെഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്നതും അല്ലെങ്കിൽ അവർക്ക്‌ മാത്രം പ്രതിനിധികളെ നിശ്ചയിച്ച്‌ അവരുടെ പ്രാതിനിധ്യം കുറക്കുന്നതും തീർത്തും ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമാണ്. ഇത്‌ രണ്ട്‌ തരത്തിലുള്ള വിദ്യാർഥികളെ സൃഷ്ടിക്കാനുള്ള നീക്കമാണ്. സ്വാശ്രയ കോളേജ്‌ വിദ്യാർത്ഥികളിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ ഫീ വാങ്ങുകയും മറ്റ്‌ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന രീതി തുടർന്നു കൊണ്ടിരിക്കെ തെരെഞ്ഞടുപ്പ് വോട്ടവകാശത്തിൽ നിന്ന് ഇവരെ മാറ്റി നിർത്തുന്നത്‌ നീതികരിക്കാനാവുന്ന നടപടിയല്ല എന്നും നേതാക്കൾ അറിയിച്ചു. പൂർണമായും ജനാധിപത്യ പരവും വിദ്യാർത്ഥി പക്ഷവുമായ നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുമായി സർവകലാശാല മുന്നോട്ട് പോവാൻ തയ്യാറാകണമെന്നും എം.എസ്.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

SHARE