വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നില്‍ എം.എസ്.എഫ് പ്രതിഷേധം

തൃശൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധസമരം നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാനുള്ള സൗകര്യം ഒരുക്കാതെ ധൃതിപിടിച്ചും ആലോചനയില്ലാതെയും സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കാരമാണ് ഈ മരണത്തിന് കാരണം അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകല്‍ ആരംഭിച്ചുവെങ്കിലും അസൗകര്യങ്ങളുടെ പേരില്‍ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളാണ് പുറത്തു നില്കുന്നത്. അവരെക്കൂടി ഈ പ്രക്രിയയുടെ ഭാഗമാക്കുന്നതിന് വേണ്ടി എന്ത് നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളതെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് വരെ ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവെക്കണമെന്നും ആദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് എസ്.എ അല്‍റെസിന്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് റംഷാദ് പള്ളം, ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് പാലയൂര്‍, ഭാരവാഹികളായ മുഹമ്മദ് നയീം, സി.എ സല്‍മാന്‍, എം.എസ് സ്വാലിഹ്, ഫര്‍ഹാന്‍ പാടൂര്‍ നേതൃത്വം നല്‍കി.

SHARE