കാലിക്കറ്റ് സർവകലാശാലയിൽ ജനാധിപത്യ ധ്വംസനം; സിൻഡിക്കേറ്റിന് തുടരാൻ ധാർമികത നഷ്ടപ്പെട്ടു: എം.എസ്.എഫ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികളെ രണ്ട് വിഭാഗമാക്കാനാണ് സിൻഡിക്കേറ്റ് ശ്രമിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ പ്രാതിനിധ്യം മൂന്നിൽ ഒന്നായി കുറക്കുക വഴി വിദ്യാർത്ഥികളെ രണ്ട് വിഭാഗമാക്കി ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യുന്ന തരത്തിലാണ് സർവകലാശാല നിയമഭേദഗതി നടത്തിയിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്തതിലൂടെ ജനാധിപത്യ ധ്വംസനമാണ് സർവകലാശാല നടത്തിയതെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. സർവകലാശാല ഡി.എസ്.യു പുറത്തിറക്കിയ വിവാധ മാഗസിനുമായി ബന്ധപ്പെട്ട് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ നീതി നിഷേധത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങളെ ഗവർണർ പുറത്താക്കണമെന്നും എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ബൈലോ ഭേദഗതി ചെയ്തതിലൂടെ വിദ്യാർത്ഥികളെ രണ്ട് വിഭാഗമാക്കാനാണ് സിൻഡിക്കേറ്റ് ശ്രമിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ തുല്യത നഷ്ടപ്പെടുത്തുന്ന രൂപത്തിലാണ് പുതിയ ഭേദഗതി വഴിവെക്കുന്നത്; ഇത് ജനാധിപത്യ വിരുദ്ദവും ഭരണഘടനാ വിരുദ്ദവുമാണ്. എയ്ഡഡ്, ഗവൺമെന്റ്, സർവകലാശാലയുടെ സെൽഫ് ഫിനാൻസിങ് സെന്ററുകൾ എന്നിവക്ക് സമാനമായ രൂപത്തിൽ സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല യൂണിയൻ ഫീസ് വാങ്ങുകയും കോളേജ് അഡ്മിഷൻ ചട്ടങ്ങൾ, അക്കാദമിക് കലണ്ടർ, സിലബസ്, പരീക്ഷ ഉൾപ്പെടെ എല്ലാം തുല്യമാണെന്നിരിക്കെ സർവകലാശാല യൂണിയന്റെ തിരഞ്ഞെടുപ്പിൽ നിന്നു മാത്രം അവരെ മാറ്റി നിർത്തുന്നതിലൂടെ എസ്.എഫ്.ഐ യുടെ കുഴലൂത്തുകാരായി സിൻഡിക്കേറ്റും സർവകലാശാല അധികാരികളും അധ:പതിച്ചിരിക്കുകയാണെന്ന് എം.എസ്.എഫ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ബൈലോ ഭേദഗതിയിലൂടെ സിൻഡിക്കേറ്റ് ഭരണഘടനാ വിരുദ്ദ നടപടിയും നിലവിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് മാർഗ നിർദേശിയായ ലിങ്ദോ കമ്മിറ്റി റിപ്പോർട്ടിന്റെ നഗ്നമായ ലംഘനവുമാണ് നടത്തിയിട്ടുള്ളത്.

സർവകലാശാലയുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ സർവകലാശാല അധികാരികളിൽ നിന്ന് നീതി കിട്ടാത്ത സാഹചര്യങ്ങളുണ്ടാകുമ്പോൾ സമരവുമായി എത്തുന്ന വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവരെ കയ്യേറ്റം ചെയ്യാൻ പോലും നേതൃത്വം നൽകാൻ ആണ് ഇടത്പക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു പുറത്തിറക്കിയ വിവാദ മാഗസിനുമായി ബന്ധപ്പെട്ട് സർവകലാശാല അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ നടപടിക്കെതിരെ സമരം ചെയ്ത ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയെയും കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം കെ.എം ഖലീലിനെയും കയ്യേറ്റം ചെയ്തതിലൂടെ കെ.കെ ഹനീഫ ഉൾപ്പെടെയുള്ള സിൻഡിക്കേറ്റ് അംഗങ്ങൾക്ക് തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു. ഇവർ എത്രയും പെട്ടെന്ന് രാജി വെക്കുകയോ ഗവർണർ അടിയന്തരമായി ഇവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. ഇത്തരം ഗുണ്ടകൾക്കും ക്രിമിനലുകൾക്കും കയറിയിരിക്കാനുള്ള ഇരിപ്പിടമല്ല കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം. ഇത്തരത്തിലുള്ള ആളുകളെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

ജനാധിപത്യ ധ്വംസനം നടത്തി കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായി നടത്താനാണ് സർവകലാശാല അധികാരികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമരവുമായി എം.എസ്.എഫ് മുന്നോട്ട് പോവും. ഇത്തരത്തിലുള്ള നീതി നിഷേധം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ഈ രൂപത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും എം.എസ്.എഫ് മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ് സെക്രട്ടറി നിഷാദ് കെ സലീം കോഴിക്കോട് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട് എന്നിവർ പങ്കെടുത്തു

SHARE