ജെ.എന്‍.യുവില്‍ എം.എസ്.എഫ് കന്നിയങ്കത്തിന്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മല്‍സരരംഗത്ത്. ആദ്യമായാണ് എം.എസ്.എഫ് ജെഎന്‍യുവില്‍ തെരഞ്ഞടുപ്പിനിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയുമായി സഖ്യമായാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ കൗണ്‍സിലര്‍ പോസ്റ്റിലേക്കാണ് എം.എസ്.എഫ് നേതാവ് ഇഹ്‌സാനുല്‍ ഇഹ്തിസാം മല്‍സരിക്കുന്നത്. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഇഹ്‌സാന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പേരുകേട്ട ജെഎന്‍യുവിലെ യൂണിയന്‍ തെരഞ്ഞടുപ്പ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ ഭരണഘടനയെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുമ്പോള്‍ ക്യാംപസുകള്‍ ഫാഷിസത്തിനെതിരെ പ്രയോഗിക ദേശീയ ബദലിനെ ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജെഎന്‍യുവില്‍ ലീഗ് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകള്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.

സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ സ്റ്റഡീസിലെ പ്രശാന്ത് കുമാറാണ് പ്രസിഡന്റ് പദത്തിലേക്ക് മല്‍സരിക്കുന്നത്. സെന്റര്‍ പാനലിലടക്കം പത്ത് സ്ഥാനാര്‍ത്ഥികളെയാണ് എം.എസ്.എഫ്എന്‍.എസ്.യു.ഐ സഖ്യം മല്‍സരിപ്പിക്കുന്നത്. ഇഹ്‌സാനെ കൂടാതെ മറ്റൊരു മലയാളി വിദ്യാര്‍ത്ഥിയായ വിഷ്ണുപ്രസാദ് രാമചന്ദ്രനും മുന്നണിയുടെ ഭാഗമായി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല, പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്മുംബൈ, ജാമിയ മില്ലിയ ഇസ്ലാമിയഡല്‍ഹി, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളിലും നിലവില്‍ എം.എസ്.എഫ് സജീവസാന്നിധ്യമാണ്. ഇടത് സഖ്യം, ബാപ്‌സഫ്രാറ്റേര്‍ണിറ്റി, ചാത്ര രാഷ്ട്രീയ ജനതാദള്‍, എബിവിപി തുടങ്ങിയ സംഘടനകളും ജെഎന്‍യുവില്‍ മല്‍സരിക്കുന്നുണ്ട്.

SHARE