പുല്‍വാമ ഭീകരാക്രമണ സൂത്രധാരനെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: കശ്മീരില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദ്ദസിര്‍ മുഹമ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്.

മുദ്ദസിര്‍ ആണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ട് തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ത്രാളിലെ പിംഗ്ലിഷ് വില്ലേജിലുള്ള ഒരു വീട്ടില്‍ മുദ്ദസിര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് സൈന്യം വീടു വളയുകയായിരുന്നുവെന്ന് പൊലീസ് അവകാശപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടലില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. മറ്റൊരു ഭീകരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പാക് പൗരനായ ഖാലിദ് ആണ് ഇയാളെന്ന് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത രേഖകളില്‍ വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി 14നാണ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്.