ബഫറ്റിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് കുതിച്ചതോടെ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത്. വാറന്‍ ബഫറ്റിനെ പിന്നിലാക്കിയാണ് നേട്ടം. ബ്ലൂംബര്‍ഗിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയിലാണ് ഈ സ്ഥാനമാറ്റം.

മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യണ്‍ ഡോളറാണ്. വാറന്‍ ബഫറ്റിന്റേതാകട്ടെ 67.9 ബില്യണ്‍ ഡോളറും. സ്വത്ത് വര്‍ധിച്ചതോടെ കോടീശ്വരന്മാരുടെ ആദ്യ പത്തില്‍പ്പെടുന്ന ഒരൊറ്റ ഏഷ്യക്കാരനായി 63 കാരനായ അംബാനി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 290 കോടി ഡോളര്‍ നല്‍കിയതാണ് വാറന്‍ ബഫറ്റ് പിന്നിലാകാന്‍ കാരണം.

മാര്‍ച്ചിലെ റിലയന്‍സിന്റെ ഓഹരിവില ജൂലായിലെത്തിയപ്പോല്‍ ഇരട്ടിയിലേറെയായി ഉയര്‍ന്നത് അംബാനിക്ക് ഗുണമായി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നായി 1.15 ലക്ഷം കോടിയിലേറെ രൂപ നിക്ഷേപമായെത്തിയതാണ് ഓഹരി വിലകുതിക്കാനിടയാക്കിയത്.

SHARE