ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി; സഹസ്രകോടി ധനികരുടെ എണ്ണത്തില്‍ വര്‍ധനവ്‌

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയിലാണ് മുകേഷ് അംബാനി ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ ഒന്നാമനായത്. 3,80,700(3.80 ലക്ഷം കോടി) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പി ഹിന്ദുജ ആന്‍ഡ് ഫാമിലിയാണ് പട്ടികയില്‍ രണ്ടാമത്. 1,86,500 കോടിയാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി 1,17,100 കോടിയോടെ പട്ടികയില്‍ മൂന്നാമതാണ്. എല്‍ എന്‍ മിത്തല്‍(1,07,300കോടി), ഗൗതം അദാനി(94,500 കോടി) എന്നിവരാണ് പട്ടികയിലെ നാലും അഞ്ചും സ്ഥാനക്കാര്‍.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സഹസ്രകോടി ധനികരുടെ എണ്ണം വര്‍ധിച്ചു. 2018ല്‍ രാജ്യത്ത് 1000 കോടി ആസ്തിയുള്ള 831 പേരാണുണ്ടായിരുന്നതെങ്കില്‍ 2019ല്‍ 953 പേരായി ഉയര്‍ന്നു. അതേസമയം ഡോളര്‍ കണക്കിലുള്ള കോടീശ്വരന്മാരുടെ എണ്ണം 141ല്‍നിന്ന് 138 ആയി കുറഞ്ഞു. പട്ടികയിലെ ആദ്യ 25 പേരുടെ ആസ്തി ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനം വരും. കോടീശ്വരന്മാരുടെ മൊത്തം സ്വത്ത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രണ്ട് ശതമനം അധികമായി വര്‍ധിച്ചെങ്കിലും ശരാശരി സ്വത്ത് വര്‍ധന 11 ശതമാനമായി കുറഞ്ഞു.

പട്ടികയിലെ 344 പേരുടെ സ്വത്തില്‍ കുറവുണ്ടായി. 112 പേര്‍ക്ക് 1000 കോടിയിലെത്താന്‍ കഴിഞ്ഞില്ല. രാജ്യത്തെ കോടീശ്വരന്മാരില്‍ 246 പേരും മുംബൈയില്‍നിന്നുള്ളവരാണ്. ദില്ലി(175), ബെംഗലൂരു(77) എന്നിവരാണ് തൊട്ടുപിന്നില്‍. ഓയോ റൂംസ് ഉടമ റിതേഷ് അഗര്‍വാള്‍(25) 7000 കോടിയുടെ ആസ്തിയോടെ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ ധനികനായി.

SHARE