മുകേഷ് സിങ്ങിന്റെ ഹര്‍ജി: സുപ്രീംകോടതി നാളെ വിധി പറയും

ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ്ങ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. ജസ്റ്റീസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ പരിധിയുണ്ടെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് കഴിയുകയുള്ളൂവെന്നും ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു.

വിശദമായ പരിശോധനയില്ലാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കി നിര്‍ഭയ കേസിലെ പ്രതിയില്‍ ഒരാളായ മുകേഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹര്‍ജി എന്ത് കാരണം പറഞ്ഞാണ് തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ജനുവരി 17നാണ് മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളിയത്. നേരത്തെ മരണ വാറണ്ടിനെതിരെ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ പട്യാല കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

SHARE