അഖിലേഷിന്റെ മരണം; ഒളിവില്‍ പോയ മുഖ്യപ്രതി മുക്കം പോലീസിന്റെ പിടിയിലായി

മുഖ്യപ്രതി കുട്ടമോൻ എന്നറിയപ്പെടുന്ന വിപിൻ

മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്‍ അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി കുട്ടമോന്‍ എന്നറിയപ്പെടുന്ന വിപിന്‍(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തു എന്നാണ് കേസ്.സംഭവം നടന്ന ഉടനെ ഒളിവില്‍ പോയ പ്രതികള്‍ക്കു വേണ്ടി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെ സംഘടിപ്പിച്ച് പോലീസിനെ സമ്മര്‍ദ്ധത്തിലാക്കുകയും ചെയ്തിരുന്നു. അഖിലേഷ് സംശയാസ്പദമായ സാഹചര്യത്തിൽ മരണപെട്ടതുമായി  ബന്ധപെട്ട് പിതാവിന്റെ പരാതി ഉണ്ടായിട്ടും പോലീസ് അനങ്ങാപാറ നയം സ്വീകരിക്കുകയാണന്ന ആരോപണവുമായി മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി രംഗത്തെത്തിയിരുന്നു. പ്രതികൾ  സി.പി.എം  പ്രവർത്തകർ ആയതിനാൽ ഭരണസ്വാധീനം ഉപയോഗിച്ച് കുറ്റവാളികളെ പാർട്ടി സംരക്ഷിക്കുന്നു എന്ന് പെതുജനം സംശയിക്കുന്നതായും  മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.

താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തുന്ന കേസില്‍ ഒമ്പതുമാസത്തെ അന്വേഷണത്തിനടയിലാണ് പ്രതി പിടിയിലാകുന്നത്. ഒളിവില്‍പോയ ശേഷം പ്രതി കര്‍ണ്ണാടകയിലെ മൈസൂരും, വയനാട് പടിഞ്ഞാറത്തറയിലുളള ബന്ധുവീട്ടിലുമായി താമസിച്ചു വരികയായിരുന്നു. ഇയാള്‍ പിടിയിലായതോടെ മറ്റു രണ്ടു പ്രതികളേയും ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മുക്കം പോലീസ് അറിയിച്ചു.
മുക്കം എസ് ഐ ഷാജിദ്.കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കല്‍, മുക്കം സ്റ്റേഷനിലെ എഎസ്‌ഐ ബേബി മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഹിം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

SHARE