പരിഹാസം പദവിക്ക് നിരക്കാത്തത്; മുഖ്യമന്ത്രി മാന്യത കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാന്‍ തയ്യാറാണെന്ന കെപിസിസി തീരുമാനത്തിനെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം പദവിക്കു ചേർന്നതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണം. കുടുക്ക പൊട്ടിച്ച കണക്കു പറയുന്ന മുഖ്യമന്തി എന്തുകൊണ്ട് കോൺഗ്രസ് സഹായം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നിലവിലെ  സാമ്പത്തിക പ്രതിസന്ധി സർക്കാർ ഉണ്ടാക്കിയതാണ്. ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ്  പ്രതിസന്ധിക്കു കാരണം. പ്രവാസികളോട് സര്‍ക്കാര്‍ അവഗണന കാണിക്കുകയാണ്. നോര്‍ക്ക സിപിഎമ്മിന്‍റെ യൂണിറ്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കോൺഗ്രസ് നാളെ വൈകിട്ട് 6 ന് ദീപം തെളിയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം.അഞ്ജന നിരസിച്ചിരുന്നു. ഈ തുക നല്‍കാന്‍ തയാറാണെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട് സര്‍ക്കാരിന്റെ അനുമതിയില്ലെന്നായിരുന്നു കലക്ടറുടെ പ്രതികരണം. ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് 1140 അതിഥി തൊഴിലാളികളാണ് പുറപ്പെടുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ബസ് വഴി റെയില്‍വെ സ്റ്റേഷനിലേക്കും അവിടെ നിന്നും ബിഹാറിലേക്കും എത്തിക്കുന്നതിന് 930 രൂപയാണ് തൊഴിലാളികളില്‍ നിന്ന് ജില്ലാഭരണകൂടം ഈടാക്കുന്നത്. തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി 10 ലക്ഷം രൂപയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ് ഇത്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ ഇതിന് തയാറാകുന്നവരെ അനുവദിക്കണമെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അതിഥി സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ മുഴുവന്‍ തൊഴിലാളികളുടേയും ട്രെയിന്‍ ടിക്കറ്റ് തുക തങ്ങള്‍ വഹിക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.