വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ച സംഭവം; വിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണ പരാജയം: മുനവ്വറലി തങ്ങള്‍

വളാഞ്ചേരി: ജൂണ്‍ ഒന്നിന് സ്‌കൂള്‍ ആരംഭിക്കുമ്പോഴേക്ക് യാതൊരു മുന്നൊരുക്കവും ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് തെറ്റായ നടപടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍.
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മതിയായ ബോധവല്‍ക്കരണമോ സൗകര്യങ്ങളോ സര്‍ക്കാര്‍ ഒരുക്കാതെ നടത്തിയ എടുത്തു ചാട്ടത്തിന്റെ പരിണിത ഫലമാണ് മിടുക്കിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണ അന്ത്യത്തില്‍ കലാശിച്ചത്.


ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് അപലപനീയമാണ്.
സജ്ജീകരണങ്ങള്‍ ഒന്നുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത് മൂലം നിരവധി വിദ്യാര്‍ത്ഥികളാണ് മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് നേരത്തെ ബോധ്യമായിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. ഇത് കേരളത്തെ ഒന്നടങ്കം ത്തെട്ടിച്ച സംഭവമാണ്.അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വന്‍ പരാജയമാണ്. ഇനിയെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി ഇത്തരം അപാകതകള്‍ പരിഹരിക്കാന്‍ യുദ്ധകാലടി സ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി പിതാവ് മുനവ്വറലി തങ്ങളോട് പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ കേടായ ടി.വി നന്നാക്കാന്‍ ദേവികയുടെ അഛന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ്, പി.വി. അഹ്മദ് സാജു എന്നിവര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.