കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അനുയായിയെ തേടി വീട്ടിലെത്തി മുനവ്വറലി തങ്ങള്‍

മലപ്പുറം: തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭിന്നശേഷിക്കാരനായ അനുയായിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കാടാമ്പുഴയിലെ അബ്ബാസലിയെന്ന യുവാവിനെയാണ് മുനവ്വറലി തങ്ങള്‍ തേടിയെത്തിയത്. ഫെയ്‌സ്ബുക്കിലൂടെ മുനവ്വറലി തങ്ങള്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് കാടാമ്പുഴയിലെ അബ്ബാസലിയെ സന്ദർശിച്ചു.

അദ്ദേഹം എപ്പോഴും വിളിക്കുമായിരുന്നു.’ എപ്പോഴാണ് എന്നെ കാണാൻ വരുന്നതെ’ന്ന് ചോദിക്കുമായിരുന്നു. തമ്മിൽ ഒന്ന് കാണുക എന്നത് ആ കുട്ടിയുടെ വല്ലാത്തൊരു ആഗ്രഹമായി തോന്നി. ലോക്ഡൗൺ കഴിഞ്ഞ് കാണാമെന്ന് അന്ന് പറഞ്ഞിരുന്നു. ആ വാക്ക് ഇന്ന് നിർവ്വഹിക്കാനായതിൽ ആത്മസംതൃപ്തി തോന്നുന്നു.ഒരുപാട് നേരം അദ്ദേഹത്തോടൊപ്പം സംസാരിച്ചു, അദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു.

ചെറുപ്പത്തിൽ തന്നെ ചലനശേഷി നഷ്ടപ്പെട്ട്, വലിയ രീതിയിൽ ശാരീരിക വെല്ലുവിളി നേരിടുമ്പോഴും സാമൂഹിക വിഷയങ്ങളിൽ മനസ്സുകൊണ്ട് സഞ്ചരിക്കുന്ന ഊർജസ്വലനായ ഒരു യുവാവാണ് അദ്ദേഹം.ഒപ്പം നേതാക്കളോടുള്ള ഇഷ്ടവും അദ്ദേഹം കാത്ത് സൂക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഇ ടി മുഹമ്മദ് ബഷീർ സാഹിബിനെയുമൊക്കെ നേരത്തെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

പരിധിയില്ലാതെ നന്മയെയും സ്നേഹത്തെയും ഇഷ്ടപ്പെടുകയും ചേർത്ത് പിടിക്കുകയും ചെയ്യുന്ന അബ്ബാസലിയുടെ ജീവിതത്തിൽ സർവ്വശക്തൻ എന്നും സന്തോഷം പ്രദാനം ചെയ്യുമാറാവട്ടെ..

പ്രാർത്ഥനകൾ..

SHARE