ഇ.ടി യെന്ന പോരാളി വിതുമ്പിയ നിമിഷം; അനുഭവം പങ്കുവെച്ച് മുനവ്വറലി തങ്ങള്‍

പൊതു ഇടങ്ങളിലെ ഒരുപാട് നിയോഗങ്ങളിൽ വ്യാപൃതനായിരിക്കെ
ഇ.ടി യുടെ സ്വകാര്യ ജീവിതത്തിലെ വൈകാരികമായൊരു നിമിഷമാണിത്.
പാർലിമെന്റ് സമ്മേളനം കഴിഞ് തിരികെയെത്തി പൗരത്വ നിഷേധങ്ങൾക്കെതിരെയുള്ള
പോരാട്ട ഭൂമിയിൽ ഓടിനടക്കുന്നതിനിടെ
ചൊവ്വാഴ്ച അനന്തപുരിയിൽ പടുത്തുയർത്തിയ സി.എച്
സെന്ററിന്റെ ബഹുനിലകെട്ടിടം
ഉദ്‌ഘാടനം ചെയ്ത ശേഷം ചൊവ്വാഴ്ച രാത്രിതന്നെ തലശ്ശേരിയിലെ പരിപാടിക്ക് വണ്ടികയറിയ ഇ.ടി ബുധനാഴ്ച വീണ്ടും പാർലിമെന്റ്
കമ്മിറ്റിക്കായി തിരുവന്തപുരത്തേക്ക് തന്നെ മടങ്ങി.വ്യാഴാഴ്ച കൊല്ലത്ത് നടക്കുന്ന സമസ്ത സമ്മേളനവും കഴിഞ് വെള്ളിയാഴ്ച കാലത്ത് ഇ.ടി വീട്ടിലെത്തുമ്പോൾ
കണ്ടത് നാളെ നികാഹ് ചെയ്ത് കൊടുക്കേണ്ട പുതുനാരിയുടെ മെയിലാഞ്ചി കല്യാണത്തിന്റെ ആരവമാണ്. അകാലത്തിൽ വിടപറഞ്ഞുപോയ ഇ.ടി യുടെ സഹോദരൻ നാട്ടുകാരുടെയും വീട്ടുകാരുടെയും നാണി യുടെ മകൾ ഫാത്തിമ അഫ്രയുടെ വിവാഹമായുന്നു ശനിയാഴ്ച .

നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ദിനരാത്രങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യ കണ്ടത്. പാർലമെന്റിലും ജുഡീഷറിയിലും തെരുവുകളിലും പൗരാവകാശ സംരക്ഷണ പോരാട്ടത്തിന്റെ മുന്നണി പോരാളിയായി പടനയിക്കുമ്പോഴും ഇ.ടി യുടെ മനം നിറയെ വാഴക്കാട്ടെ മപ്രം എന്ന കൊച്ചുഗ്രാമത്തിൽ നാട്ടുകാർ ഏറ്റടുത്ത ഇമ്മുവിന്റെ കല്യാണ വിശേഷങ്ങൾ അറിയാനുള്ള ആകുലതയായിരുന്നു.
ലോകത്തിന്റെ ഏത് ദിക്കിൽ പോയാലും സ്വന്തം കുട്ടികളുടെ വിശേഷങ്ങളേക്കാൾ ബഷീർ
സാഹിബിനെ പ്രധാനമായും അലട്ടിക്കൊണ്ടിരുന്നതൊക്കെ സഹോദരന്റെ ഏകപുത്രി അഫ്രയുടെ വിദ്യാഭ്യാസവും വിവാഹവും തന്നെയായിരുന്നു.

താര തിളക്കമില്ലാതെ ഗ്രാമത്തിന്റെ ഉത്സവമായി മാറിയ വിവാഹ ചടങ്ങിൽ ഇടറിയ വാക്കുകളിൽ ബഷീർ സാഹിബ് അഫ്രയെ കടുങ്ങല്ലൂർ സ്വദേശി ഇൻതിസാദിന് നികാഹ് ചെയ്തുകൊടുത്തപ്പോൾ ഒരു പതിറ്റാണ്ട് മുമ്പ് വിടപറഞ്ഞുപോയ അവളുടെ പിതാവ് നാണിയുടേയുടെയും രണ്ടുവർഷം മുമ്പ് വിട്ടുപിരിഞ്ഞ ബഷീർക്കയുടെ ഉമ്മയുടെയും ഓർമയിൽ ആ കല്യാണപ്പന്തൽ ഈറനണിഞ്ഞു. ജീവിതത്തിലെ
വലിയൊരു നിയോഗം പൂർത്തിയാക്കിയെങ്കിലും ഇമ്മുവിന്റെ അനിവാര്യമായ ജീവിതയാത്രയിൽ വിതുമ്പി ഞായറാഴ്ച പുലർച്ചെ ഇ.ടി
വീണ്ടും വിമാനം കയറി അഹമ്മദാബാദിലേക്ക് .

ഈ വൈകാരികമായ ചടങ്ങിൽ ഇ.ടി.യുടെ കൈ പിടിച്ച് അഫ്രയെ ഇൻതിസാദിന് ഏൽപ്പിച്ചു കൊടുക്കുന്ന നികാഹിന്ന് കാർമ്മികത്വം നൽകാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുകയാണ്.

SHARE