യുവാവ് മരിച്ച സംഭവം: നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഡിവൈഎസ്പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് ഹരികുമാറിനെതിരെ കേസെടുത്തത്. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനലാണ് ഡിവൈഎസ്പി പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍ മരിച്ചത്.

വാഹനം മാറ്റിവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിരെ വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പൊലീസും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിെച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാര്‍ ഡിവൈഎസ്പിയെ കൈയേറ്റം ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് നെയ്യാറ്റിന്‍കരയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

SHARE