ഡല്‍ഹിയില്‍ ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവിന്റെ വീടും സംഘപരിവാര്‍ കത്തിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ മുസ്‌ലിം വംശഹത്യക്കിടെ ബി.ജെ.പി നേതാക്കളായ മുസ്‌ലിങ്ങളും അക്രമത്തിനിരയായി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അഖതര്‍ റാസയുടെ വീടാണ് അക്രമികള്‍ കത്തിച്ചത്. ‘ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ മുദ്രാവാക്യം വിളിച്ചെത്തിയ കലാപകാരികള്‍ എന്റെ വീടിന് കല്ലെറിഞ്ഞു. സഹായമാവശ്യപ്പെട്ട് പൊലീസിനെ വിളിച്ചെങ്കിലും അവിടെ നിന്ന് മാറാനായിരുന്നു പൊലീസ് നിര്‍ദേശം. ഞങ്ങള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന് തീയിട്ട അവര്‍ എല്ലാം നശിപ്പിച്ചു’-അഖ്തര്‍ റാസ പറഞ്ഞു.

ഈ വരിയില്‍ 19 മുസ്‌ലിം വീടുകളുണ്ടായിരുന്നു. അതെല്ലാം അവര്‍ കത്തിച്ചുകളഞ്ഞു. അക്രമികള്‍ പുറത്തുനിന്ന് വന്നവരായിരുന്നു. പക്ഷെ മുസ്‌ലിങ്ങളുടെ വീടുകള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തത് പ്രദേശവാസികളായിരുന്നു-അഖ്തര്‍ റാസ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പി പ്രവര്‍ത്തകനാണ് അഖതര്‍ റാസ. അക്രമിക്കപ്പെട്ട ശേഷം ഒരു ബി.ജെ.പി നേതാവോ പ്രവര്‍ത്തകനോ ഫോണിലൂടെ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അഖ്തര്‍ റാസ പറഞ്ഞു.

SHARE