പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസ് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അപകടം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നവരുടെ പേരില്‍ വ്യാപകമായി കേസെടുക്കുന്ന പൊലീസ് നിലപാടില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ പേരില്‍ മിക്ക ജില്ലകളിലും കേസെടുത്തു കൊണ്ടിരിക്കുകയാണ്. പലയിടത്തും ജാമ്യമില്ലാ വകുപ്പുചുമത്തിയാണ് കേസെടുക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കാതെയും സമാധാനത്തോടെയുമാണ് കേരളത്തില്‍ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി സമരമുഖത്തുള്ള കേരളത്തിന്റെ പ്രതിഷേധങ്ങളെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഒരു ഭാഗത്ത് കേരളം സുരക്ഷിത കോട്ടയാണെന്ന് മൈതാന പ്രസംഗം നടത്തുകയും മറുഭാഗത്ത് അന്യായമായി കേസെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അപകടരമാണ്.
എന്‍.പി.ആര്‍ നടപടികള്‍ കേരളത്തില്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി തഹസില്‍ദാറുടേതായി പുറത്തിറങ്ങിയ സര്‍ക്കുലര്‍ ഈ സര്‍ക്കാറിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.സി മായിന്‍ ഹാജി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സി മോയീന്‍കുട്ടി, കെ കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, സി. എ.എം.എ കരീം, അഡ്വ.പി.എം. എ സലാം, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.എം ഷാജി എം.എല്‍. എ, അബ്ദുറഹ്്മാന്‍ രണ്ടത്താണി, ഭീമാപ്പള്ളി റഷീദ്, പി.എം സാദിഖലി സംസാരിച്ചു.

SHARE