പാലാരിവട്ടം പാലം ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍: മുസ്‌ലിം ലീഗ്


തിരുവനന്തപുരം/ മലപ്പുറം: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഈ വിഷയത്തില്‍ മുസ്്‌ലിം ലീഗിനും പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനും ഒന്നും ഒളിക്കാനില്ല. ഏതന്വേഷണത്തെയും നേരിടാന്‍ പാര്‍ട്ടിയും വി.കെ ഇബ്രാഹിം കുഞ്ഞും തയ്യാറാണെന്നും കെ.പി.എ മജീദ് പറഞ്ഞു. നിര്‍മാണ കമ്പനിക്ക് മൊബിലൈസിങ് അഡ്വാന്‍സ് ഫണ്ട് നല്‍കിയതില്‍ തെറ്റില്ല. മുമ്പും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാതാക്കള്‍ക്ക് ഏഴ് ശതമാനം പലിശക്കാണ് എട്ട് കോടി രൂപ നല്‍കിയത്. ഈ തുക തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടവുമുണ്ടായിട്ടില്ല.
പാലത്തിന്റെ നിര്‍മാണത്തിലുള്ള സാങ്കേതിക തകരാറുകളാണ് കണ്ടെത്തിയിട്ടുള്ളത്. നിര്‍മാണത്തിനുപയോഗിച്ച സിമന്റ്, കമ്പി തുടങ്ങിയവ ഉപയോഗിക്കുന്നതിലെ പോരായ്മകള്‍ക്ക് മന്ത്രി ഉത്തരം പറയണമെന്ന് വന്നാല്‍ ആര്‍ക്കും ഭരിക്കാന്‍ സാധിക്കുകയില്ല. റിമാന്റ് പ്രതിയുടെ ജാമ്യാപേക്ഷയിലുള്ള സ്റ്റേറ്റ്‌മെന്റ് പ്രകാരമാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ സ്റ്റേറ്റ്‌മെന്റ് അവിശ്വസനീയമാണ്. സുതാര്യമായി അന്വേഷണം നടക്കട്ടെ. മുസ്്‌ലിംലീഗിനും ഇബ്രാഹിം കുഞ്ഞ് എം.എല്‍.എക്കും ഇക്കാര്യത്തില്‍ ആശങ്കയൊന്നുമില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് ഗവര്‍ണര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലില്‍ നിയമോപദേശം തേടിയശേഷമായിരുന്നു ഗവര്‍ണറുടെ അനുമതി.