ജാമിഅയില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസ്‌ലിം ലീഗ് എം.പിമാര്‍ സന്ദര്‍ശിച്ചു

ജാമിഅ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ മുസ്‌ലിം ലീഗ് എം.പിമാര്‍ സന്ദര്‍ശിച്ചു.പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ഥിനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ ചില വിദ്യാര്‍ത്ഥിനികളെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പിമാര്‍ വ്യക്തമാക്കി.

ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലാത്തി കൊണ്ട് മാറിടത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ ബുര്‍ഖ ബലമായി മാറ്റിയ ശേഷമാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറയുന്നു.ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്.