Connect with us

Views

ഏക സിവില്‍കോഡ്: കേന്ദ്ര നിലപാട്‌ സംശയാസ്പദമെന്ന് ലീഗ്

Published

on

കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്‌കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സമാന മനസ്‌കരുമായി യോജിച്ച് നീങ്ങാന്‍ തീരുമാനിച്ചതായി മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.വി അബ്ദുല്‍വഹാബ് എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏക സിവില്‍കോഡ് ഇല്ലാത്തതല്ല ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നല്ലതിനല്ല. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതാണ്. ചരിത്രത്തില്‍ ഇന്നേവരെയുണ്ടായ ഭരണ നേതൃത്വം യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് വിഷയത്തെ സമീപിച്ചിരുന്നത്. യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. ഭരണ ഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ നിന്ന് ഏക സിവില്‍ കോഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മാസങ്ങള്‍ക്ക് മുമ്പ് മുസ്്‌ലിം ലീഗ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, ഇപ്പോള്‍ ചില ദുഷ്ടലാക്കോടെ തിടുക്കപ്പെട്ടുള്ള നടപടികളാണ് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ളത്. വിവാഹം, മരണം, സ്വത്തവകാശം തുടങ്ങിയ വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൈകടത്തുന്നത് നിലവിലെ അന്തരീക്ഷം ഇല്ലാതാക്കും. വൈവിധ്യങ്ങളാണ് രാജ്യത്തിന്റെ സൗന്ദര്യം. പല പ്രത്യയശാസ്ത്രങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള മൗലികാവകാശം ഹനിക്കുന്നത് രാജ്യത്തിന്റെ പൊതു താല്‍പര്യത്തിന് നിരക്കുന്നതല്ല.

എല്‍.ഡി.എഫ് സര്‍ക്കാറിന് ഏറ്റ ആദ്യത്തെ പ്രഹരമാണ് ഇ.പി ജയരാജന്റെ മന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയെന്ന് മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. സ്വജനപക്ഷപാതവും അഴിമതിയും കാണിക്കാത്ത സര്‍ക്കാറെന്ന് ഇനി പറയാന്‍ സാധിക്കില്ല. യു.ഡി.എഫ് പ്രതിപക്ഷത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും ഇതു കാരണമായി. യു.ഡി.എഫിന്റെ കാലത്തും സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ കാലത്തെ കുറിച്ച് ഏതു തരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ശക്തമാക്കാന്‍ മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. വര്‍ത്തമാനകാല സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് കൂടുതല്‍ ഫലപ്രദമായ ക്യാമ്പയിനുകളും പ്രചാരണങ്ങളും ശക്തമാക്കും. എന്നാല്‍, തീവ്രവാദത്തിന്റെ പേരില്‍ മുഖ്യധാര മുസ്്‌ലിം സംഘടനകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ വിപരീത ഫലമാണ് സൃഷ്ടിക്കുക. അമിതാവേശത്തോടെയും തത്വദീക്ഷയില്ലാതെയും നടത്തുന്ന അത്തരം നീക്കങ്ങള്‍ തീവ്രവാദത്തെ ശക്തിപ്പെടുത്തുന്നതാണ്.

വല്ല ഏജന്‍സികളും വടക്കാക്കി തനിക്കാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഗുണം ചെയ്യില്ല. ഫാഷിസ്റ്റുകള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നത് ഗൗരവത്തോടെ കാണും. മതസംഘടനകളാണ് തീവ്രവാദത്തിന് പിന്നിലെന്ന് പറയുന്നത് അമിതാവേശം കാണിക്കലാണ്. തീവ്രവാദം എന്ന പദം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്. രാജ്യത്തെ വ്യവസ്ഥാപിതമായ നിയമങ്ങള്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കാവുന്ന വിഷയത്തില്‍ പോലും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നത് സംശയാസ്പദമാണ്. തീവ്രവാദ വിഷയം ഉയര്‍ത്തി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന് വലിയ വിലനല്‍കേണ്ടി വരും. മതസൗഹാര്‍ദം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെയുണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തീവ്രവാദം ആരോപിക്കുകയല്ല.

പൊലീസിന്റെ കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കും. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിലും വിഷയം ഉന്നയിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending