മുവാറ്റുപുഴ/അടിമാലി/തിരുവല്ല: മഴക്കെടുതിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തം വിതച്ച പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമേകി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പര്യടനം ആരംഭിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച പര്യടനം മുവാറ്റുപുഴ, അടിമാലി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. തകര്‍ന്നടിഞ്ഞ വീടുകളും ഉരുള്‍പൊട്ടല്‍ മൂലം നാശനഷ്ടമുണ്ടാക്കിയ സ്ഥലങ്ങളും അപകടം സംഭവിച്ച ആദിവാസി ഊരുകളും നേതാക്കള്‍ സന്ദര്‍ശിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന തലത്തില്‍ നടത്തിയ വിഭവ സമാഹരണത്തിലൂടെ സ്വരൂപിച്ച അവശ്യവസ്തുക്കള്‍ നേതാക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ നിന്നും മടങ്ങി പോകാന്‍ കഴിയാത്തവര്‍ യൂത്ത് ലീഗ് സംഘത്തിന് മുമ്പില്‍ തങ്ങളുടെ സങ്കടകെട്ടഴിച്ചു.
വിവിധ ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നേതാക്കള്‍ ചര്‍ച്ച നടത്തി. കുതിരയള്ളക്കുടി ആദിവാസി ഊരിലെത്തിയ നേതാക്കളെ മൂപ്പന്‍ രാമന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയും വീട്ടുപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും നല്‍കിയതിന് ഊരിന് വേണ്ടി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെയും യൂത്ത് ലീഗ് ഭാരവാഹികളെയും നേതാക്കള്‍ അഭിനനന്ദിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, കെ.എസ് സിയാദ് ഉണ്ടായിരുന്നു.
യൂത്ത് ലീഗ് പ്രധിനിധി സംഘത്തെ വിവിധ ജില്ലകളിലായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍, മുസ്‌ലിം യൂത്ത് ലീഗ് എറണാകുളം ജില്ല പ്രസിഡന്റ് കെ.എ മുഹമ്മദ് ആസിഫ്, ജനറല്‍ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട്, ഇടുക്കി ജില്ല പ്രസിഡന്റ് ടി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.എം അന്‍സാര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.എം റസാഖ്, പത്തനംതിട്ട ജില്ല പ്രസിഡന്റ് നിയാസ് റാവുത്തര്‍, ജനറല്‍ സെക്രട്ടറി റഫീഖ് ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.