‘പോരാട്ടം അവസാനിക്കുന്നില്ല’; യൂത്ത് ലീഗ് അനിശ്ചിതകാല ശാഹിന്‍ ബാഗ് സ്‌ക്വയര്‍ ഫെബ്രുവരി 1 മുതല്‍

‘പോരാട്ടം അവസാനിക്കുന്നില്ല’; യൂത്ത് ലീഗ് അനിശ്ചിതകാല ശാഹിന്‍ ബാഗ് സ്‌ക്വയര്‍ ഫെബ്രുവരി 1 മുതല്‍

കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായും ശാഹിന്‍ ബാഗിലെ സമര പോരാളികള്‍ക്ക് ആവേശം പകര്‍ന്നും ഫെബ്രുവരി 1മുതല്‍ കോഴിക്കോട് അനിശ്ചിതകാലത്തേക്ക് ശാഹിന്‍ ബാഗ് സ്‌ക്വയര്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്കാരംഭിച്ച് രാത്രി പത്ത് മണിക്കവസാനിക്കുന്ന രീതിയില്‍ കോഴിക്കോട് കടപ്പുറത്താണ് ശാഹിന്‍ ബാഗ് സക്വയര്‍ സംഘടിപ്പിക്കുക.

ആദ്യ ദിവസങ്ങളില്‍ വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് ശാഹിന്‍ ബാഗ് സ്‌ക്വയരില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിച്ചേരുക. പതിനാല് ജില്ല കമ്മറ്റികള്‍ക്ക് ശേഷം നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സമരം മുന്നോട്ട് കൊണ്ട് പോകും. ശാഹിന്‍ ബാഗിന്റെ മാതൃകയില്‍ കോഴിക്കോട് ബീച്ചില്‍ ഒരേ സ്ഥലത്ത് തന്നെയായിരിക്കും എല്ലാ ദിവസങ്ങളിലും സമരം സംഘടിപ്പിക്കുക. പാട്ട്, കവിത. ചിത്രരചന, നാടകം, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി സമരക്കാര്‍ ശാഹിന്‍ ബാഗ് സ്‌ക്വയറില്‍ ഒത്ത് ചേരും. വിവിധ ദിവസങ്ങളില്‍ രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും. നിരന്തരമായ സമരങ്ങളിലൂടെ തളരാത്ത പോരാട്ട വീര്യവുമായി മുന്നോട്ട് വരാന്‍ സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു.

ഫെബ്രുവരി 5മുതല്‍ 15വരെ യൂണിറ്റ് തലങ്ങളില്‍ വീട്ടുമുറ്റം എന്ന പേരില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കുടുംബ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നന്ദി പറഞ്ഞു. ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്. പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY