ഹെലികോപ്റ്റര്‍ കൊള്ള; പിണറായി സര്‍ക്കാറിനെതിരെ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെയും വി.ഐ.പി സുരക്ഷയുടെയും പേരില്‍ മാസം 1.45 കോടി വാടക നല്‍കി ഹെലികോപ്റ്റര്‍ എടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം ആകാശക്കൊള്ളയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നാലെ അമിത തുകയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹെലികോപ്റ്ററാണ് കേരള സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുക്കുന്നതെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്. വാടക ബില്ലിന്റെ പകര്‍പ്പു പുറത്തുവന്നു.

നക്‌സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്റ്റര്‍ നല്‍കുന്നതിന്, ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിങ്‌സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപ മാത്രമാണ്. ഇതേ സേവനം കേരളത്തിനാകുമ്പോള്‍ 20 മണിക്കൂറിന് കമ്പനി ഈടാക്കുന്നത് ഒരുകോടി 44 ലക്ഷം രൂപയാണ്. അമിത വാടക കൊടുത്ത് ഹെലികോപ്റ്റര്‍ എടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയേറെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. കേരളം നല്‍കുന്ന അമിതതുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് ഹെലികോപ്റ്റര്‍ നല്‍കിയ കമ്പനിയുടെ ആക്ഷേപം.

1.44 കോടി രൂപയ്ക്കാണ് ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവന്‍ ഹാന്‍സ് കേരളത്തിന് ഹെലികോപ്റ്റര്‍ വാടകയ്ക്കു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള പൊലീസാണ് ഈ വിമാനക്കമ്പനിയുമായി കരാറിലെത്തിയത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. അതു തള്ളിയാണ് പവന്‍ ഹാന്‍സിനു കരാര്‍ നല്‍കിയത്. അതും ഇരുപത് മണിക്കൂര്‍ മാത്രം സേവനത്തനായി.

ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സംസ്ഥാനസര്‍ക്കാര്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചത്. കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്, സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. പതിനൊന്ന് സീറ്റ്, ഇരട്ട എന്‍ജിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് കേരള പൊലീസിന്റെ വാദം.
അതേസമയം, വിമാനക്കമ്പനിയുമായി ചര്‍ച്ച നടത്തിയ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നും പരാതിയിലുണ്ട്.

മാവോയിസ്റ്റ് വേട്ടയുടെയും വി.ഐ.പി സുരക്ഷയുടെയും പേരില്‍ മാസം 1.45 കോടി വാടക നല്‍കി ഹെലികോപ്റ്റര്‍ എടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തിരുമാനം ആകാശക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. കേരളം പോലെയൊരു ചെറിയ സംസ്ഥാനത്ത് പൊലീസിനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കേണ്ട ഒരാവിശ്യവുമില്ല. മുഖ്യമന്ത്രിക്കായി ഇപ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നുണ്ട്. ഒരു മാസം വെറും ഇരുപത് മണിക്കൂര്‍ പറക്കാനാണ് ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപ മുടക്കി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഇതുവേണോ എന്ന് സര്‍ക്കാര്‍ ചിന്തിക്കണം.
മാവോയിസ്റ്റുകളുടെ പേരില്‍ ഇത്രയും വലിയ കൊള്ളനടത്തുന്നതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കും. ഈ പദ്ധതി വേണ്ടെന്ന് വക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുമ്പോള്‍ ഇത്തരമൊരു കൊള്ള നടക്കാന്‍ പാടില്ല. കെ.എസ്.ആര്‍.ടി.സിയിലും വാട്ടര്‍ അതോറിറ്റിയിലും ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാത്ത അവസ്ഥയാണ്. അപ്പോള്‍ എന്തിനാണ് ഇരുപത് മണിക്കൂര്‍ ആകാശത്ത് പറക്കാന്‍ 1.45 കോടി രൂപ ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മറ്റു ചില കമ്പനികള്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നറിയുന്നു. ഇതൊന്നും പരിശോധിക്കാതെ ചില കമ്പനികളെ മാത്രം സഹായിക്കാന്‍ നടത്തുന്ന ആകാശക്കൊള്ളയാണ്് ഈ വാടകക്കെടുക്കല്‍ എന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍മാറിയേ മതിയാകൂ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇദ്ദേഹം വിജയനാണോ അതോ ജയനാണോ?ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ…ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ…

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಡಿಸೆಂಬರ್ 2, 2019

കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടക്ക് എടുക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വി ടി ബലറാം എംഎല്‍എയും രംഗത്തെത്തിയിരുന്നു

SHARE